കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍ ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്നു

സിന്‍ഗ്രൗളി: കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയതാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ സിന്‍ഗ്രൗളി ജില്ലയിലെ ബാദ്ഗാദ് ഗ്രാമത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് 12 പേരെ സിന്‍ഗ്രൗളി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
25നും 30നും ഇടയില്‍ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. കൂര്‍ത്ത ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതുമൂലമുണ്ടായ മുറിവുകളോടെ വനം വകുപ്പിന്റെ നഴ്‌സറിക്കു സമീപമുള്ള ചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടിട്ട് മൂന്നു ദിവസമായിട്ടും യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ 12 പ്രതികളാണ് അറസ്റ്റിലായതെന്നും ഇനിയും രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നരേന്ദ്ര രഘുവന്‍ഷി പറഞ്ഞു.
സ്വന്തമായി വീടില്ലാത്ത യുവതി തൊട്ടടുത്ത ഗ്രാമത്തിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍, വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ഭോഷ് എന്ന ഗ്രാമത്തിലുള്ളവര്‍ ഇവരെ പിന്തുടരുകയായിരുന്നു. കുട്ടികളെ കടത്താനെത്തിയ സ്ത്രീയെന്ന് ആരോപിച്ചായിരുന്നു ഈ നീക്കം.
വാട്‌സ്ആപ്പിലൂടെ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ഇവര്‍ക്കെതിരേ തിരിയുകയായിരുന്നു.  ഓടിരക്ഷപ്പെട്ട സ്ത്രീയെ പിന്തുടര്‍ന്ന സംഘം വനം വകുപ്പിന്റെ നഴ്‌സറിക്ക് സമീപത്തുവച്ചാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

RELATED STORIES

Share it
Top