കുട്ടികളെ ജലസാക്ഷരരാക്കണം: കൃഷിമന്ത്രി

മാള: കേരളത്തിലെ നീര്‍ച്ചാലുകള്‍ മലിനമാകാതിരിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ കുട്ടികളെ ജലസാക്ഷരത പഠിപ്പിക്കണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
നബാര്‍ഡിന്റെ സഹായത്തോടെ മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് നടപ്പിലാക്കിയ തൂമ്പുമുറിതോട് നീര്‍ത്തടം, പൂപ്പത്തി വന്‍തോട് എന്നീ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാള, ചാലക്കുടി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന മാള, കാടുകുറ്റി, പൊയ്യ എന്നീ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കണം. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണണമെങ്കില്‍ കേരളത്തിലെ തോടുകളും പുഴകളും എല്ലാം മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ബി ഡി ദേവസ്സി എംഎല്‍എ മുഖ്യാതിഥിയായി. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ ഐഎഫ്എസ് പദ്ധതി വിശദീകരണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത്, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എം രാധാകൃഷ്ണന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ സ്വാഗതവും, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ സിന്ധു. പി.ഡി. നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top