കുട്ടികളെ കുത്തിനിറച്ചുള്ള അപകടയാത്ര തുടരുന്നു

പൊന്നാനി: ഒരുപാട് ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിട്ടും പാഠം പഠിക്കാതെ മോട്ടോര്‍ വാഹനവകുപ്പ്. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്കിടയിലും മതിയായ സുരക്ഷയില്ലാതെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്ര തുടരുകയാണ്. വാഹനങ്ങളില്‍ പരിധിക്കപ്പുറം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്ന പതിവുകാഴ്ചയ്ക്ക് മാറ്റമില്ല.
സ്‌കൂള്‍ ബസ്സുകളില്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കൊടുത്തു എന്ന് അവകാശപ്പെടുന്ന മോട്ടോര്‍വാഹന വകുപ്പ്, ഓട്ടോ ടാക്‌സികളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സ്ഥിതി കാണ്ടില്ലെന്ന് നടിക്കുകയാണ്. പൊന്നാനിയിലെ മിക്ക വിദ്യാലയങ്ങളിലേക്കും ഓട്ടോകളിലും സ്‌കൂള്‍ വാഹനങ്ങളിലും കുട്ടികളെ കൊണ്ടുപോവുന്നത് കുത്തിനിറച്ചാണ്.
എട്ടു പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന മിനി വാനില്‍ കുട്ടികളെ കുത്തി നിറച്ചിരിക്കുന്നു. ഇതിനു പുറമെ തിങ്ങി ഇരിക്കുന്നതിനിടയിലേക്ക് രണ്ട് കുട്ടികളെ കൂടി കയറ്റാന്‍ ശ്രമിക്കുന്നു. മൂന്നോ നാലോ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഓട്ടോറിക്ഷകളില്‍ 10 പേര്‍ വരെ യാത്ര ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പറയുഞ്ഞു. ഓട്ടോറിക്ഷകളില്‍ പ്രത്യേക സീറ്റ് സ്ഥാപിച്ചാണ് ഇത്തരത്തില്‍ കുട്ടികളെ കുത്തിനിറയ്ക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ടെന്നാണ് ആര്‍ടിഒയുടെ പ്രതികരണം. എന്നാല്‍, പരിശോധന ഫലപ്രദമാവുന്നില്ലെന്നാണ് വാസ്തവം. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തി നിയമലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആര്‍ടിഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ട് ആഴ്ചകളായി. ക്രമാതീതമായി സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോവുന്ന പ്രവണത, വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍, വ്യക്തമായ യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍, മറ്റ് അനാരോഗ്യകരമായ പ്രവണതകള്‍ എന്നിവയുണ്ടെങ്കില്‍ കണ്ടെത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനാണു നിര്‍ദേശം.
പരിശോധന നടപടികള്‍ക്കായി ദുരന്ത നിവാരണ നിയമം 2005 സെക്്ഷന്‍ 33, 34 (ബി) പ്രകാരം ജില്ലാ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായിരുന്നു. പക്ഷേ, കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നതിന് ഒരു കുറവും വന്നിട്ടുമില്ല.

RELATED STORIES

Share it
Top