കുട്ടികളെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവിനെതിരേ വ്യാപക പ്രതിഷേധം

പേരാമ്പ്ര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഞ്ചുകുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് പിരിവെടുപ്പിക്കുന്നതിനെതിരേ വ്യാപക പരാതി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണ് വീടുകളിലേക്ക് പിരിവിനായി പറഞ്ഞയക്കുന്നത്. പ്രളയബാധിതരേ സഹായിക്കാന്‍ സ്‌കൂളുകളില്‍ നിന്ന് ഇതിനകം ഫണ്ട് ശേഖരണം നടത്തിയിട്ടുണ്ട്. മാത്രമല്ല, ചൊവ്വാഴ്ച വിദ്യാര്‍ഥികളില്‍ നിന്ന് ധനശേഖരണം നടത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. ഇതിന് പുറമെയാണ് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പ്രത്യേകം പിരിവ് നടത്തുന്നത്. പേരാമ്പ്ര വികസന മിഷന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നത്. ഇതിനായി കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ ഉപജില്ലയിലെ സ്‌കൂള്‍ അധികൃതരെയും പിടിഎ പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ച് യോഗം നടന്നിരുന്നു. മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തത്. വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ്, മന്ത്രിയുടെ അഡീഷനല്‍ പിഎസി മുഹമ്മദ് എന്നിവരാണ് യോഗത്തില്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചത്. എല്ലാ സ്‌കൂളുകളിലും ഇതിനായി പ്രത്യേക സ്റ്റാഫ്, പിടിഎ യോഗങ്ങളും അസംബ്ലിയും വിളിച്ചു ചേര്‍ത്താണ് കുട്ടികള്‍ക്ക് പിരിവിന് നിര്‍ദേശം നല്‍കിയത്. കുട്ടികളെ പണപ്പിരിവിന് ഉപയോഗിക്കരുതെന്ന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കെയാണ് നിര്‍ബന്ധിത പിരിവ് നടക്കുന്നത്. ഒരേ വീട്ടില്‍ തന്നെ 10ഉം 20ഉം കുട്ടികളാണ് പിരിവിനെത്തുന്നത്. കനത്ത വെയിലിലും കുട്ടികള്‍ വീടുകള്‍ കയറിയിറങ്ങുകയാണ്. പെട്ടെന്നുള്ള കാലാവസ്ഥാമാറ്റം കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമ്പോഴാണ് ഇതൊന്നും ഗൗനിക്കാതെ അധികൃതര്‍ പിരിവിന് നിര്‍ബന്ധിക്കുന്നത്. ചെറിയ കുട്ടികളെ പൊരിവെയിലത്ത് പിരിവിന് പറഞ്ഞയക്കുന്നതിനെതിരേ രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. പിടിഎ കമ്മിറ്റികളും ഇതിനെതിരേ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top