കുട്ടികളുമായുള്ള ലൈംഗിക ബന്ധംസമ്മതമുണ്ടെങ്കിലും ബലാല്‍സംഗം: കോടതി

മുംബൈ:പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായുള്ള ലൈംഗികബന്ധം അവരുടെ സമ്മതമുണ്ടെങ്കില്‍ പോലും ബലാല്‍സംഗമായി തന്നെ പരിഗണിക്കണമെന്ന് മഹാരാഷ്ട്ര കോടതി.
ഇക്കാര്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ സമ്മതത്തെ നിയമത്തിന്റെ കണ്ണില്‍ സമ്മതമായി കാണാനാവില്ലെന്നും താനെ ജില്ലാ കോടതി വ്യക്തമാക്കി. 2015ല്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 31കാരന്റെ ശിക്ഷാവിധി പ്രഖ്യാപിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഏഴുവര്‍ഷത്തെ കഠിനതടവിനാണ് കേസിലെ പ്രതി ദേവേന്ദ്ര ഗുപ്തയെ ശിക്ഷിച്ചത്.
11ാം ക്ലാസില്‍ പഠിക്കുന്ന 16 കാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കളും സഹോദരനും പുറത്തുപോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ അയല്‍വാസികള്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതായി തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സമ്മതമുണ്ടെങ്കില്‍ പോലും അവരുമായുള്ള ലൈംഗികബന്ധം നിയമത്തിന്റെ കണ്ണില്‍ ബലാല്‍സംഗംതന്നെയാണെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി വ്യക്തമാക്കി. 15,000 രൂപ പ്രതി പിഴയടയ്ക്കണമെന്നും ഉത്തരവിട്ടു.

RELATED STORIES

Share it
Top