കുട്ടികളുടെ സംരക്ഷണം : പഞ്ചായത്തുതല സമിതികള്‍ ഉടന്‍കോട്ടയം: സംയോജിത ബാല സംരക്ഷണ പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ബാല സംരക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ കലക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മേരി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാല സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്തുതലത്തിലുളള ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട വിവിധ മേഖലകളിലുള്ള വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ഈ സമിതികള്‍. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താഴേത്തട്ടില്‍ തന്നെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണു സമിതികള്‍ രൂപീകരിക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമിതി രൂപീകരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ കലക്ടര്‍ സി എ ലത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ബാലാവകാശം സംബന്ധിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ ജില്ലയിലെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം തുടക്കത്തില്‍ തന്നെ പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചായിരിക്കും ഇതു നടത്തുക. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ മടുക്ക, പുലിയന്നൂര്‍ എന്നിവിടങ്ങളെ ബാല സൗഹൃദ ഗ്രാമങ്ങളാക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനമായി. ഈ ഗ്രാമങ്ങളിലെ പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാനും ഇതുവഴി നടപടിയുണ്ടാവും. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് നിയമ സഹായവും ലഭ്യമാക്കും. ജനപ്രതിനിധികള്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സേവകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കുട്ടികളുടെ സംരക്ഷണത്തിനായി ടാസ്‌ക് ഫോഴ്‌സുകളും രൂപീകരിക്കും. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവയുടെ പരിഹാരം എന്നിവ സംബന്ധിച്ച് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും നടപടിയുണ്ടാവും. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും നല്‍കാന്‍ താലൂക്ക് തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു. ബാല സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി വേണ്ടത്ര ഏകോപനമുണ്ടാവണമെന്നു കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സണ്ണി പാമ്പാടി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി ജെ ബിനോയ്, സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top