കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് ആവേശകരമായ തുടക്കംഅടിമാലി: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് അടിമാലിയില്‍ ആരംഭിച്ചു. വലിയ പറമ്പില്‍ ടൂറിസ്റ്റ് ഹോമില്‍ മെയ് നാലു മുതല്‍ എട്ടുവരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മം പ്രശസ്ത ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ നിര്‍വഹിച്ചു.
സിനിമ ഒരു വിനോദോപാധി മാത്രല്ലെന്നും അത് വലിയ സാധ്യതകളുള്ള ഒരു കല കൂടിയാണെന്ന തിരിച്ചറിവിലേക്ക് കുട്ടികള്‍ എത്തിച്ചേരേണ്ടതുണ്ടെന്നും വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മുഖ്യധാരാ സിനിമകള്‍ ആസ്വദിക്കുന്നതിന് അപ്പുറത്തുള്ള ഒരു ആസ്വാദന ബോധം ആര്‍ട്ട് സിനിമകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അത്തരമൊരു ചലച്ചിത്രാവബോധം വളര്‍ത്തിയെടുക്കാന്‍ ഇത്തരം ക്യാമ്പുകള്‍ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് ഭരണസമിതി അംഗം തമ്പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കെ.ആര്‍. ജനാര്‍ദനന്‍, കെ.ആര്‍. രാമചന്ദ്രന്‍, പശുപതി, ജോസ് കോനാട്ട്, സി.ഡി ഷാജി, ടി.കെ കുര്യാക്കോസ്, കെ.രാജു എന്നിവര്‍ സംസാരിച്ചു.
കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍നിന്നുള്ള 60 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പില്‍ പഠനത്തിന്റെ ഭാഗമായി ലോകോത്തര ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്യാമ്പ് മെയ് എട്ടിന് സമാപിക്കും.

RELATED STORIES

Share it
Top