കുട്ടനാട് രക്ഷാപാക്കേജിന് രൂപം നല്‍കണം

ആലപ്പുഴ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ കുട്ടനാട് ഭൂപ്രദേശത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നതിനുവേണ്ടി കുട്ടനാടിന്റെ നാശനഷ്ടത്തിന്റെ യഥാര്‍ഥ വിവരശേഖരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട് രക്ഷാപാക്കേജിന് രൂപം നല്‍കുകയും ചെയ്യണമെന്ന് കേരള സംസ്ഥാന നെല്‍നാളികേര സംസ്ഥാന സമിതി കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
നെല്‍കാര്‍ഷിക മേഖല, പുരയിടകൃഷി, മൃഗസംരക്ഷണമേഖല, ഗതാഗതം തുടങ്ങി വിവിധ മേഖലകളുടെ പുനരുദ്ധാരണത്തിനായി ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കണം.
ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയകക്ഷികളും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ശത്രുതവെടിഞ്ഞ് കുട്ടനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യോഗം ചൂണ്ടിക്കാട്ടി.ആലപ്പുഴ നരസിംഹപുരത്ത് ചേര്‍ന്ന കേന്ദ്രകമ്മറ്റിയോഗം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു.
വര്‍ക്കിങ് പ്രസിഡന്റ് ജോര്‍ജ് തോമസ് ഞാറക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, കേരള കര്‍ഷകജനപക്ഷം സംസ്ഥാന പ്രസിഡന്റ് ആന്റണി കരിപ്പാശേരി, ജോഷി പരുത്തിക്കല്‍, സിബി കല്ലുപാത്ര, ഇ ഷാബ്ദീന്‍, വിഷ്ണു എസ് നായര്‍, എം കെ പരമേശ്വരന്‍, ബൈജു മാന്നാര്‍, രാജന്‍ പെരിങ്ങര, സണ്ണി ഈപ്പന്‍ കുമരകം, രാമചന്ദ്രപണിക്കര്‍ വൈക്കം, പി ജെ ജെയിംസ് സംസാരിച്ചു. കുട്ടനാട്ടിലേക്കാവശ്യമുള്ള കുടിവെള്ളവും വൈദ്യസഹായവും അടിയന്തരമായി എത്തിക്കണമെന്നും സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top