കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് സമഗ്ര പദ്ധതിന്യൂഡല്‍ഹി: കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പദ്ധതി തയാറാക്കും. കൃഷി വകുപ്പും ജലവിഭവ വകുപ്പും ചേര്‍ന്നാവും പദ്ധതി തയ്യാറാക്കുക. രാഷ്ട്രീയ കൃഷി വികാസ് യോജന(ആര്‍കെവിവൈ)യില്‍പ്പെടുത്തി ഇതിനായി അധികപണം അനുവദിക്കാമെന്നു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പു ലഭിച്ചതായി കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍, ജലവിഭവമന്ത്രി മാത്യു ടി തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടനാട് ഒന്നാം പാക്കേജിലെ അപാകതകള്‍ പരിഹരിക്കുന്നവിധത്തിലാവും രണ്ടാംഘട്ട പാക്കേജ് തയ്യാറാക്കുന്നതെന്ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ജലവിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവര്‍ പറഞ്ഞു. കുട്ടനാടന്‍ ജലാശയങ്ങളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന കുളവാഴ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന സമഗ്ര പദ്ധതിയും രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടപ്പാക്കും. കളനാശിനികള്‍, മറ്റു കീടനാശിനികള്‍ തുടങ്ങിയവ ഉപയോഗിക്കാതെ പൂര്‍ണമായി ശാസ്ത്രീയവും ജൈവ രീതിയിലുള്ളതുമായ പദ്ധതിയായിരിക്കും നടപ്പാക്കുക.ജലകളകള്‍ എന്നറിയപ്പെടുന്ന കുളവാഴകളെ ജലോപരിതലത്തില്‍നിന്നു നീക്കം ചെയ്ത് വാണിജ്യ ഉല്‍പന്നങ്ങളാക്കി മാറ്റുന്നതാണ് കൃഷിവകുപ്പ് മുന്നോട്ടുവച്ചിരിക്കുന്ന ബൃഹദ് പദ്ധതി. ജലകളകളെ നീക്കം ചെയ്യുന്നതിനു കളനാശിനികള്‍ ലഭ്യമാണെങ്കിലും പാരിസ്ഥിതിക - സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ കള കൊയ്ത്ത് യന്ത്രമുപയോഗിച്ചുള്ള യാന്ത്രിക നിര്‍മാര്‍ജനമാണു പദ്ധതിരേഖ മുന്നോട്ടുവയ്ക്കുന്നത്. ജലത്തില്‍ പൊങ്ങിക്കിടക്കുന്നതും 60 എച്ച്പി ശക്തിയുള്ളതുമായ യന്ത്രമുപയോഗിച്ച് മണിക്കൂറില്‍ 10 മുതല്‍ 12 ടണ്‍വരെ ജലകളകള്‍ ശേഖരിക്കാന്‍ കഴിയും. ജലകളകളുടെ തണ്ട് നാരുകളാക്കി കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനും പള്‍പ്പ്, പേപ്പറുകള്‍, ഹാര്‍ഡ് ബോര്‍ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിനും ഉപയോഗക്കാം. ഇവയില്‍നിന്നുള്ള നാരുകള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന പലകകള്‍ പാക്കിങ് പെട്ടികള്‍ നിര്‍മിക്കുന്നതിനും ഓഫിസ് ഫയല്‍ ബോര്‍ഡുകള്‍, മൗസ് പാഡുകള്‍, നഴ്‌സറി ചെടിച്ചട്ടികള്‍ എന്നിവയുടെ നിര്‍മാണത്തിനും ഉപയോഗിക്കാം. കുളവാഴ ഉപയോഗിച്ചു നിര്‍മിക്കുന്ന കംപോസ്റ്റില്‍ ലോഹങ്ങളുടെ അളവ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു ഭൗതിക ഗുണങ്ങള്‍ കാലിവളര്‍ത്തലിനു സമാനമാണെന്നു കണ്ടെത്തിയിട്ടുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങളുടെ അളവ് താരതമ്യേന കൂടുതലാണ്. ചുവന്ന ചീര, കത്തിരി, മത്തന്‍, പടവലം, മഞ്ഞള്‍, ഇഞ്ചി മുതലായവ ചങ്ങാടങ്ങളില്‍ മണ്ണിതര മാധ്യമം ഉപയോഗിച്ചു കൃഷിചെയ്യുന്ന രീതി കുളവാഴ ഉപയോഗിച്ച കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്‌കരിച്ച കുളവാഴ മല്‍സ്യാഹാരമായി ഉപയോഗിക്കുന്ന നൂതന രീതിയും പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രിമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top