കുടുംബ ശ്രീയുടെ ഇരവിപേരൂര്‍ അരി ഇനി ആമസോണ്‍ വഴിയും

തിരുവല്ല: ഇരവിപേരൂര്‍ അരി ഇനി കേരളത്തിലെവിടെയും ആമസോണ്‍ ഓണ്‍ലൈന്‍ സൈറ്റ് വഴി ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം വള്ളംകുളം കുടുംബശ്രീ കിയോസ്‌കില്‍ നടന്ന ചടങ്ങില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍കുമാര്‍ നിര്‍വഹിച്ചു. അഞ്ച് കിലോ, പത്ത് കിലോ സഞ്ചികളിലാക്കിയുള്ള അരിയാണ് ഓണ്‍ലൈനിലൂടെ ലഭിക്കുന്നത്. കിലോയ്ക്ക് 70 രൂപ നിരക്കിലാണ് വിപണനം നടത്തുക. കേരളത്തിലെവിടെ നിന്നും ആമസോണ്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഈ നിരക്കില്‍ തന്നെയാണ് അരി എത്തിക്കുന്നത്.പ്രത്യേക ട്രാവലിങ് ചാര്‍ജ് ഈടാക്കില്ല. തവിടുള്ളത്, തവിടില്ലാത്തത് എന്നിങ്ങനെ രണ്ടിനത്തിലുള്ള ഇരവിപേരൂര്‍ ബ്രാന്റ് അരിയാണ് വിപണിയിലുള്ളത്. ഓണ്‍ലൈന്‍ വിപണനത്തിന്റെ ആദ്യവില്‍പന അഡ്വ.അനന്തഗോപന്‍ കുടുംബശ്രീ എഡിഎംസി എ മണികണ്ഠനില്‍ നിന്ന് വാങ്ങി നിര്‍വഹിച്ചു. വള്ളംകുളത്തുള്ള കുടുംബശ്രീ കിയോസ്‌കിലും അരി ആവശ്യാനുസരണം ലഭിക്കും. പേപ്പര്‍ ബാഗില്‍ പായ്ക്ക് ചെയ്ത് നല്‍കുന്ന അരിയ്ക്ക് കിലോയ്ക്ക്  55 രൂപ നിരക്കിലും തുണി സഞ്ചിയില്‍ നിറച്ച അരിയ്ക്ക് കിലോയ്ക്ക് 60 രൂപയുമാണ് വില. കുടുംബശ്രീയുടെ കീഴിലുള്ള 15 പേരടങ്ങുന്ന സ്വദേശാഭിമാനി സംരംഭക യൂനിറ്റ് ഇരവിപേരൂര്‍ റൈസ് ബ്രാന്റ് ആണ് അരിയുടെ അണിയറയില്‍ ഉള്ളത്. ഹരിത കേരള മിഷനുമായി ചേര്‍ന്ന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും പഞ്ചായത്തിലെ തരിശുനിലങ്ങളെ ഒരുക്കി നെല്‍കൃഷിയിലൂടെയാണ് ഇരവിപേരൂര്‍ അരി ഒരുക്കുന്നത്.

RELATED STORIES

Share it
Top