കുടുംബിനിയെ ആക്രമിച്ച കേസ്: അന്വേഷണം ഊര്‍ജിതം

ഇരിക്കൂര്‍: ആയിപ്പുഴ കൂരാരിയില്‍ മതംമാറി വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം കുടുംബജീവിതം നയിക്കുന്ന സ്ത്രീയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആക്രമിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കൂരാരി പുതിയപുരയില്‍ താമസിക്കുന്ന പി പി അശ്‌റഫിന്റെ ഭാര്യ കെ ഹുസ്‌നയെയും രണ്ടു ചെറിയ കുട്ടികളെയും ഭര്‍ത്താവ് തറാവീഹ് നമസ്‌കാരത്തിനുപോയ സമയത്ത് ഭര്‍തൃസഹോദരന്‍ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്നാണു പരാതി. ഇതുസംബന്ധിച്ച് അശ്‌റഫ് നേരത്തെ മട്ടന്നൂര്‍ പോലിസില്‍ നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണം തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് ഹുസ്‌ന മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. പ്രതിയുടെയും ബന്ധുക്കളുടെയും വീടുകളിലെത്തി പോലിസ് മൊഴിയെടുത്തു. അശ്‌റഫിന്റെ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പ്രതികള്‍ കടത്തിക്കൊണ്ടുപോയത് കണ്ടെത്തി. ഹുസ്‌ന ഹിന്ദു മതത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ച് അശ്‌റഫിനെ വിവാഹം കഴിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനും വിവിധ അവാര്‍ഡ് ജേതാവുമാണ് അശ്‌റഫ്.

RELATED STORIES

Share it
Top