കുടുംബശ്രീ 19ാം വാര്‍ഷികാഘോഷം : താലൂക്ക് തല കലോല്‍സവങ്ങള്‍ നടത്തികല്‍പ്പറ്റ: കുടുംബശ്രീ 19ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി താലൂക്ക്തല കലോല്‍സവങ്ങള്‍ സംഘടിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് തല മല്‍സരങ്ങള്‍ യഥാക്രമം മേപ്പാടി ഗവ.ഹൈസ്‌കൂള്‍, പനമരം ഗവ. എല്‍പി സ്‌കൂള്‍, ബീനാച്ചി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് നടത്തിയത്. 16 ഇനങ്ങളിലായിരുന്നു മല്‍സരങ്ങള്‍. വര്‍ഷങ്ങളായി മല്‍സര രംഗത്തുള്ളവരും സ്‌കൂള്‍ കാലഘട്ടത്തിന് ശേഷം ആദ്യമായി വേദിയിലെത്തിയവരും ആവേശത്തോടെയാണ് പങ്കെടുത്തത്. താലൂക്ക് തല മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാതല മല്‍സരത്തില്‍ പങ്കെടുക്കുക. മാനന്തവാടി താലൂക്ക് കലോല്‍സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, വൈത്തിരി താലൂക്ക് മല്‍സരങ്ങള്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് തല മല്‍സരങ്ങള്‍ അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ്‌സീത വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക്തല മല്‍സരത്തില്‍ കണിയാമ്പറ്റ സിഡിഎസ് ഒന്നാം സ്ഥാനം നേടി. കോട്ടത്തറ സിഡിഎസിനാണ് രണ്ടാം സ്ഥാനം. മേപ്പാടി സിഡിഎസ് മൂന്നാംസ്ഥാനത്തെത്തി. മാനന്തവാടി കലോല്‍സവത്തില്‍ പനമരം സിഡിഎസ് ഒന്നാം സ്ഥാനവും തൊണ്ടര്‍നാട് രണ്ടാം സ്ഥാനവും തിരുനെല്ലി മൂന്നാം സ്ഥാനവും നേടി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് കലോല്‍സവത്തില്‍ പുല്‍പ്പള്ളിക്കാണ് ഒന്നാം സ്ഥാനം. അമ്പലവയല്‍ രണ്ടാം സ്ഥാനവും മീനങ്ങാടി മൂന്നാം സ്ഥാനവും നേടി.

RELATED STORIES

Share it
Top