കുടുംബശ്രീ ഹര്‍ഷം പദ്ധതി: പരിശീലന പരിപാടിക്കു തുടക്കം

കോഴിക്കോട: വയോജന പരിപാലനരംഗത്ത് തൊഴില്‍ സാധ്യത ഒരുക്കി കുടുംബശ്രീ നടപ്പിലാക്കുന്ന ഹര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്കുള്ള 15 ദിവസത്തെ പരിശീലന പരിപാടിക്ക് കോഴിക്കോട്ട് തുടക്കമായി. കുടുംബശ്രീയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന 20 ഫഌഗ്ഷിപ്പ് പരിപാടികളിലൊന്നാണ് ഹര്‍ഷം പദ്ധതി. വയോജനങ്ങള്‍ക്കുള്ള പരിപാലനസേവനം ആവശ്യമുള്ളവര്‍ക്ക് വീടുകളിലോ ആശുപത്രികളിലോ സേവനം ലഭ്യമാക്കാനാണ് പദ്ധതികൊണ്ട് ഉദേശിക്കുന്നത്.
ഇതിനായി കുടുംബശ്രീ അംഗങ്ങളായ ജെറിയാട്രിക് കെയര്‍ എക്‌സിക്യൂട്ടീവ്മാരെ കുടുംബശ്രീ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കായി 15 ദിവസത്തെ റസിഡന്‍ഷ്യല്‍ രീതിയിലുള്ള പരിശീലന പരിപാടിയാണ് കുടുംബശ്രീ ആവിഷ്‌കരിച്ചിരിക്കുന്നത്.
വീടുകളിലും ആശുപത്രികളിലും വച്ചുള്ള പ്രായോഗിക പരിശീലനവും ഇതില്‍ ഉള്‍പ്പെടും. ഇതിനു പുറമെ സംരംഭകര്‍ക്കുള്ള യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും സേവനം ആവശ്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള വെബ് പോര്‍ട്ടലും കാള്‍ സെന്ററും കുടുംബശ്രീമിഷന്‍ ലഭ്യമാക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ സംരംഭകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സിഇഒ ഡോ. സോമന്‍ ജേക്കബ്ബ് നിര്‍വഹിച്ചു.

RELATED STORIES

Share it
Top