കുടുംബശ്രീ പ്രവര്‍ത്തകര്‍ മെഴുവേലി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

പത്തനംതിട്ട: കുടുംബശ്രീകള്‍ക്കുളള ഗ്രാന്റ്, സബ്‌സിഡി തുക തുടങ്ങിയവ വിതരണം ചെയ്യാതെ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് ഇരുന്നൂറിലേറെ സ്ത്രീകള്‍ മെഴുവേലി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പ്രസിഡന്റിനെയും സെക്രട്ടറിയേയും തടഞ്ഞുവച്ചു. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചത് ബഹളത്തില്‍ കലാശിച്ചു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഇന്നും നാളെയുമായി തുക വിതരണം ചെയ്യാമെന്ന ഉറപ്പ് പ്രസിഡന്റ് പൊലീസ് സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ തുടങ്ങിയ ഉപരോധം വൈകിട്ട് അഞ്ചരയോടെയാണ് അവസാനിപ്പിച്ചത്. കുടുംബശ്രീകള്‍ക്ക് 10000 മുതല്‍ 25000രൂപ വരെയാണ് ലഭിക്കാനുളളത്. ചെക്കുകള്‍ പാസായെങ്കിലും മൂന്ന് മാസത്തിലേറെയായി വിതരണം ചെയ്തിരുന്നില്ല. ഇന്നലെ പത്മാനാഭോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിളിച്ചു കൂട്ടിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ തങ്ങളുടെ പണം നല്‍കണമെന്നാവശ്യപ്പെട്ടു. ചെക്ക് പാസായിട്ടുണ്ടെന്നും പഞ്ചായത്തില്‍ നിന്നാണ് നല്‍കേണ്ടതെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചതോടെ സ്ത്രീകള്‍ ബഹളമായി. തുടര്‍ന്ന് എല്ലാവരും കൂടി പ്രകടനമായി പഞ്ചായത്ത് ഓഫീസില്‍ ചെന്നു. ഈ സമയം പ്രസിഡന്റ് സ്ഥലത്തുണ്ടായിരുന്നില്ല. സ്ത്രീകള്‍ ഉപരോധം തുടങ്ങിയ ശേഷം പ്രസിഡന്റ് എത്തി. ഓരോരുത്തര്‍ക്കും ലഭിക്കേണ്ട തുക പരിശോധിച്ച ശേഷമേ നല്‍കാന്‍ കഴിയൂവെന്ന് പ്രസിഡന്റ് അറിയിച്ചതോടെ അവിടെയും ബഹളമായി. തുടര്‍ന്ന് പ്രസിഡന്റിനെയും അംഗങ്ങളെയും തടഞ്ഞുവച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും തുക വിതരണം ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിനീത അനിലും ഉപരോധക്കാര്‍ക്കൊപ്പം ചേര്‍ന്നു. ഉപരോധം നീണ്ടതോടെ ഭരണ, പ്രതിപക്ഷ തര്‍ക്കമായി മാറി. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. പന്തളം എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലിസ് സംഘവുമെത്തി. തുക കിട്ടിയേ പറ്റൂ എന്ന നിലപാടിലായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇതേ തുടര്‍ന്ന് എസ്‌ഐയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പും വിനീതാ അനിലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തുക ഇന്നും നാളെയുമായി നല്‍കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കി. തുക വാങ്ങാന്‍ തങ്ങള്‍ പഞ്ചായത്ത് ഓഫിസില്‍ എത്തുമെന്ന് അറിയിച്ചാണ് സമരക്കാര്‍ പിരിഞ്ഞത്. കുടുംബശ്രീ ചെയര്‍പേഴ്‌സണും പഞ്ചായത്ത് ഭരണസമിതിയും തമ്മിലുളള തര്‍ക്കമാണ് തുക വിതരണം ചെയ്യാതിരുന്നതിനു പിന്നലെന്ന് ആക്ഷേപമുണ്ട്. പുതിയ സിഡിഎസ് ചെയര്‍പേഴ്‌സന്റെയും മറ്റും തിരഞ്ഞടുപ്പിനു 23ന് വിജ്ഞാപനമിറങ്ങും. അതിനു മുന്‍പ് തുക വിതരണം ചെയ്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം.

RELATED STORIES

Share it
Top