കുടുംബശ്രീ പ്രത്യേക ക്ഷണിതാവിനെ ചൊല്ലി കൊക്കയാറില്‍ വാക്കുതര്‍ക്കം

കൊക്കയാര്‍: കുടുംബശ്രീ സിഡിഎസിന് പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റും തമ്മില്‍ വാക്കേറ്റം. കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്തില്‍ സിഡിഎസ് ക്ഷണിതാക്കളെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കവും വാക്കേറ്റവും നടന്നത്.
സിപിഎം ഭരിക്കുന്ന കൊക്കയാറില്‍ സിഡിഎസ് തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളടക്കം കോണ്‍ഗ്രസ് അംഗങ്ങള്‍ക്കായിരുന്നു വിജയം. കടുത്ത രാഷ്ട്രീയ മല്‍സരം നടന്ന ഇവിടെ സിപിഐയുടെ പിന്തുണയും കോണ്‍ഗ്രസ്സിനായിരുന്നു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികളും പഞ്ചായത്ത് ഇടത്് ജനപ്രതിനിധികളും രണ്ടു തട്ടിലാവുകയായിരുന്നു. ഇതിനിടയിലാണ് പ്രത്യേക ക്ഷണിതാക്കളെ സിഡിഎസിലേക്കു അംഗങ്ങളാക്കണമെന്ന നിര്‍ദേശമുണ്ടായത്. ഇതിനായി ചേര്‍ന്ന യോഗത്തില്‍ സിഡിഎസ് രക്ഷാധികാരി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചയാളെ ഉള്‍പ്പെടുത്താന്‍ തയ്യാറല്ലെന്നു സിഡിഎസ് അംഗങ്ങള്‍ നിലപാടെടുത്തതാണു വാക്കേറ്റത്തിനു കാരണമായത്. 13 അംഗങ്ങളില്‍ ഒമ്പതംഗങ്ങളും മറ്റൊരാള്‍ക്കുവേണ്ടിയാണ് വാദിച്ചത്.
ഇതിനിടയില്‍ കുടുംബശ്രിയുടെ ചാര്‍ജുള്ള ഓഫിസര്‍ എത്തുകയും കുടുംബശ്രി നിയമാവലി പ്രകാരം അംഗങ്ങളെ തിരഞ്ഞെടെുക്കാനുളള അവകാശം സിഡിഎസ് അംഗങ്ങള്‍ക്കു മാത്രമാണന്നറിയിക്കുകയായിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ നിര്‍ദേശിച്ചയാളുകളെ അംഗങ്ങളായി തിരഞ്ഞെടെുത്തു. ഇതേ ചൊല്ലി പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വീണ്ടും വാക്കേറ്റമുണ്ടായി.

RELATED STORIES

Share it
Top