കുടുംബശ്രീ പഠിക്കാന്‍ അമേരിക്കയില്‍ നിന്നും അഞ്ച് വിദ്യാര്‍ഥികള്‍

കാക്കനാട്: കുടുംബശ്രീ പ്രവര്‍ത്തനങ്ങളും സ്ത്രീശക്തീകരണ പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കാന്‍ അമേരിക്കയില്‍ നിന്നും അഞ്ചംഗ വിദ്യാര്‍ഥികള്‍ ജില്ലാ ആസ്ഥാനത്തെത്തി. സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ലഘുഭക്ഷണ ശാലയിലാണ് വിദ്യാര്‍ഥി സംഘത്തിന്റെ പ്രധാന സന്ദര്‍ശനം. സാമ്പത്തിക സ്വാശ്രയത്തിലൂന്നി സ്ത്രീ ശാക്തീകണം ലക്ഷ്യമിടുന്ന കുടുംബശ്രീ മൈക്രോ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിയുകയായിരുന്നു വിദ്യാര്‍ഥികളുടെ സന്ദര്‍ശന ലക്ഷ്യം. സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സദ്‌സേവന ഫെസിലിറ്റേഷന്‍ സെന്ററിലെ ലഘു ഭക്ഷണ ശാലയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനായിരുന്നു വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം. ഫെസിലിറ്റേഷന്‍ സെന്ററിലെ ചൂടന്‍ വിഭവങ്ങള്‍ തയ്യാറാക്കല്‍, സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍, സാമ്പത്തികം തുടങ്ങി ഭക്ഷണ പദാര്‍ഥാര്‍ങ്ങള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ കുടുംബശ്രീ വനിതകളില്‍ നിന്ന് ചോദിച്ചറിഞ്ഞു. വിദ്യാര്‍ഥികളായ റെയ്ച്ചല്‍, ലോറ, സാമന്ത, ഗ്രഫീന്‍, ടോറിന്‍ എന്നിവരാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടറിയാന്‍ എത്തിയത്. രാജഗിരി കോളജിലെത്തിയ വിദ്യാര്‍ഥി സംഘം എംഎസ്ഡബ്ലിയൂ വിദ്യാര്‍ഥികളുമായി സാമൂഹിക ക്ഷേമ പദ്ധതികളെ കുറിച്ച് ചോദിച്ചറിഞ്ഞു. ദാരിദ്ര നിര്‍മാര്‍ജനം, സ്ത്രീശാക്തീകരണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ സാമൂഹിക ക്ഷേമപദ്ധതികളുടെ പ്രോജക്ടുകള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീ മൈക്രോ സംരംബങ്ങള്‍ക്കുള്ള പങ്ക് തങ്ങളുടെ നാട്ടിലും പ്രയോഗികമാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കുടുംബശ്രീ സദ് സേവന ഫെസിറ്റേഷന്‍ സെന്റര്‍ ലഘുഭക്ഷണ ശാലയിലെ ചൂടന്‍ വിഭവങ്ങളും രുചിച്ചാണു വിദ്യാര്‍ഥികള്‍ മടങ്ങിയത്.  അമേരിക്കയില്‍ സെന്റ.് അംബ്രോസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പാലസ്വദേശി ഡോ, ജോണി അഗസ്റ്റിനോടൊപ്പമാണ് അതേ യൂണിവേഴ്‌സിറ്റിയിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ എത്തിയത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സ്ത്രീശക്തീകരണത്തിനും കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും പ്രാവര്‍ത്തികമാക്കുന്നതിനെ കുറിച്ച് വിദ്യാര്‍ഥിനികള്‍ വിലയിരുത്തിയതായി ഡോ. ജോണി അഗസ്റ്റിന്‍ പറഞ്ഞു.

RELATED STORIES

Share it
Top