കുടുംബശ്രീ ജില്ലാ മിഷന് ഒന്നാംസ്ഥാനം

കല്‍പ്പറ്റ: കുടുംബശ്രീ സംസ്ഥാന മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജില്ലകളെ കെണ്ടത്താന്‍ നടത്തിയ തിമാറ്റിക് ഇവന്റില്‍ വയനാടിന് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ വിവിധ പദ്ധതികളുടെ അവതരണമാണ് അവാര്‍ഡിന് പരിഗണിച്ചത്. തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളജില്‍ നടന്ന പരിപാടിയില്‍ ജില്ലാ മിഷനുകളില്‍ നിന്നുള്ള 14 ടീമും സംസ്ഥാന മിഷനിലെ 14 ടീമുമാണ് മല്‍സരിച്ചത്. ജില്ലയിലെ മൈക്രോ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റാള്‍, പ്രവര്‍ത്തനങ്ങളുടെ അവതരണം എന്നീ വിഭാഗത്തിലായാണ് ജില്ലകള്‍ തമ്മില്‍ മല്‍സരം നടന്നത്. ഇരു വിഭാഗത്തിലും ഒന്നാം സ്ഥാനം വയനാടിനാണ്.
പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലും വയനാട് ഒന്നാമതെത്തി. വിവിധ കുടുംബശ്രീ പദ്ധതികളുടെ ജില്ലാ പ്രോഗ്രാം മാനേജര്‍മാരാണ് അവതരണത്തിനും സ്റ്റാളൊരുക്കുന്നതിനും നേതൃത്വം നല്‍കിയത്. പരമ്പരാഗത ആദിവാസി കുടിലിന്റെ മാതൃകയില്‍ സ്റ്റാള്‍ അവതരിപ്പിച്ചതിലൂടെയാണ് ഈ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചത്. ജില്ലാ മിഷന്‍ അടുത്തിടെ പുറത്തിറക്കിയ പഴശ്ശി റൈസ്, ജീവ കട്ട്ഫ്രൂട്ട്, വിവിധയിനം കരകൗശല ഉല്‍പന്നങ്ങള്‍, ഡ്രൈ ഫഌവര്‍, വിവിധ തരം അച്ചാറുകള്‍, ജാം, വൈന്‍, സ്‌ക്വാഷ്, കാട്ടുതേന്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിനായി ജില്ലയില്‍ നടപ്പാക്കിയ കെട്ടിനാട്ടിയുടെ പ്രദര്‍ശനം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. വനിതാ ദിനത്തില്‍ തയ്യാറാക്കിയ പെണ്‍പൂവ് അടക്കമുള്ള ജില്ലയുടെ പ്രധാന നേട്ടങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ജില്ലയിലെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും തോല്‍പ്പാവക്കൂത്തിലൂടെ വ്യത്യസ്തമായി അവതരിപ്പിച്ചതിലൂടെയാണ് ഈ വിഭാഗത്തിലും ഒന്നാമതായത്. പ്രവര്‍ത്തനങ്ങളുടെ അവതരണത്തിനായി തോല്‍പ്പാവക്കൂത്ത് തിരഞ്ഞെടുത്തതിലൂടെ വയനാട് ശ്രദ്ധേയമായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പരമ്പരാഗത തോല്‍പ്പാവക്കൂത്ത് കലാകാരനും ദേശീയ അവാര്‍ഡ് ജേതാവുമായ പട്ടാമ്പി സ്വദേശി രാജേഷ് പുലവറാണ് പാവക്കൂത്ത് പരിശീലിപ്പിച്ചത്.

RELATED STORIES

Share it
Top