കുടുംബശ്രീ കലോല്‍സവങ്ങള്‍ക്ക് അരങ്ങുണരുന്നു

കല്‍പ്പറ്റ: കേരളത്തിലെ സ്ത്രീകളുടെ കലാപ്രകടനങ്ങള്‍ക്കും കായികമല്‍സരങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ വേദിയൊരുക്കി കുടുംബശ്രീ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വര്‍ഷങ്ങള്‍ക്കു മുമ്പേ അഴിച്ചുവച്ച ചിലങ്കയും മൈലാഞ്ചിയുമണിഞ്ഞ് തിരുവാതിരയ്ക്കും ഒപ്പനയ്ക്കും നാടോടിനൃത്തത്തിനും ചുവടുവച്ചും നാടന്‍പാട്ടും ലളിതഗാനവും നാടകവും മോണോ ആക്റ്റും മിമിക്രിയും അവതരിപ്പിച്ചും തങ്ങളുടെ സര്‍ഗശേഷി തേച്ചുമിനുക്കിയെടുക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. എഡിഎസ്, സിഡിഎസ്, താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലായി വിപുലമായ രീതിയിലാണ് കലോല്‍സവം നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലും അരങ്ങ്-2018ന്റെ ഭാഗമായി കലാകായിക മല്‍സരങ്ങള്‍ തുടങ്ങി. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി 29 ഇനങ്ങളിലാണ് കലാമല്‍സരങ്ങള്‍. നാടോടിനൃത്തം, ഒപ്പന, മാര്‍ഗം കളി, സംഘനൃത്തം, ഫാന്‍സി ഡ്രസ്, ശിങ്കാരിമേളം, മിമിക്രി, മോണോ ആക്റ്റ്, നാടന്‍പാട്ട് തുടങ്ങിയ ജനപ്രിയ ഇനങ്ങളിലെല്ലാം ആവേശകരമായ മല്‍സരങ്ങളാണ് എല്ലായിടത്തും. ഇവയ്‌ക്കൊപ്പം ചിത്രരചനയും കവിതാ രചനയുമടക്കമുള്ള മല്‍സരങ്ങളിലും പങ്കെടുക്കാം.
മികച്ച പ്രകടനം നടത്താന്‍ കഴിവുണ്ടായിട്ടും ജീവിതസാഹചര്യങ്ങള്‍ കാരണം വിട്ടുനില്‍ക്കേണ്ടി വന്നവര്‍ക്ക് വലിയ അവസരമാണ് കുടുംബശ്രീ കലോല്‍സവത്തിലൂടെ ലഭിക്കുന്നത്. ജൂനിയര്‍, സീനിയര്‍ തലത്തില്‍ പ്രത്യേക മല്‍സരങ്ങളുണ്ടാവും. 18 മുതല്‍ 35 വരെ പ്രായപരിധിയിലുള്ളവര്‍ ജൂനിയര്‍ തലത്തിലും അതിന് മുകളിലുള്ളവര്‍ക്ക് സീനിയര്‍ തലത്തിലും മല്‍സരിക്കാം. ഇതോടൊപ്പം സംഘടിപ്പിക്കുന്ന കായിക മല്‍സരങ്ങള്‍ക്കും നല്ല ജനപങ്കാളിത്തമാണുള്ളത്. സിഡിഎസ് ജില്ലാ തലങ്ങളില്‍ മാത്രമാണ് കായിക മല്‍സരങ്ങള്‍. ഓട്ടം, റിലേ, ലോങ് ജംപ്, നടത്തം, വടംവലി, ഷോട്ട്പുട്ട്, വോളിബോള്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക മല്‍സരങ്ങള്‍.
18നകം സിഡിഎസ് തല മല്‍സരങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 20, 21, 23 തിയ്യതികളില്‍ യഥാക്രമം വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്ക് തല മല്‍സരങ്ങള്‍ നടത്തും. 25, 26 തിയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കലോല്‍സവം നടക്കും. 30ന് മാനന്തവാടിയിലാണ് ജില്ലാതല കായിക മല്‍സരങ്ങള്‍. മെയ് 4, 5, 6 തിയ്യതികളില്‍ മലപ്പുറത്ത് സംസ്ഥാന കലോല്‍സവം നടക്കും. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്കാണ് സംസ്ഥാന തല മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കുക. താലൂക്ക്, ജില്ലാതല മല്‍സരങ്ങളില്‍ വിജയിക്കുന്ന മുഴുവനാളുകള്‍ക്കും ജില്ലാ മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. കൂടാതെ ഓവറോള്‍ മല്‍സരവിജയികള്‍ക്ക് ട്രോഫിയും നല്‍കും.

RELATED STORIES

Share it
Top