കുടുംബശ്രീയുടെ 57 പദ്ധതികള്‍ക്ക് അംഗീകാരം

കല്‍പ്പറ്റ: വനിതകള്‍ക്ക് ഉപജീവനമാര്‍ഗം പ്രധാനം ചെയ്യുന്നതോടൊപ്പം സഹജീവി സ്‌നേഹം പ്രകടമാക്കുന്ന കുടുംബശ്രീയുടെ അഗതി-ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 57 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. അഗതികള്‍ക്കു സാന്ത്വനമേകാന്‍ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയാണ് അഗതി-ആശ്രയ.
സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുകയാണ് ലക്ഷ്യം. 3,557 സ്ത്രീകളും 1,788 പുരുഷന്‍മാരും 1,209 കുട്ടികളുമുള്‍പ്പെടെ 6,554 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. അഗതി-ആശ്രയ പദ്ധതിക്കായി 40 ശതമാനം ചലഞ്ച് ഫണ്ട് കുടുംബശ്രീയും 60 ശതമാനം പഞ്ചായത്ത് വിഹിതവുമാണ്. ജില്ലയിലെ മുഴുവന്‍ സിഡിഎസുകളില്‍ നിന്ന് എസ്ടി അഗതി-ആശ്രയ പദ്ധതി സമര്‍പ്പിച്ച ഏക ജില്ല വയനാടാണ്. അഗതി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, മരുന്ന്, ചികില്‍സ എന്നിവയാണ് കുടുംബശ്രീ ചലഞ്ച് ഫണ്ട് മുഖേന നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്‍ ഉള്‍പ്പെട്ട വീട്, റോഡ്, വൈദ്യുതി, കുടിവെള്ളം, വീട് പുനരുദ്ധാരണം എന്നിവ പഞ്ചായത്ത് വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്. മൂന്നു വര്‍ഷമാണ് പദ്ധതി കാലാവധി. 78 പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത്. ഇതില്‍ 57 പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞു.
10 പദ്ധതികള്‍ അനുമതിക്കായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയും 11 പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ അനുമതിക്കായും കൈമാറിയിട്ടുണ്ട്. നിരാംലംബര്‍ക്ക് താങ്ങുംതണലുമായി കുടുംബശ്രീ മാറുകയാണ്. ഭിന്നശേഷിയുള്ളവരെ സഹായിക്കുന്നതോടൊപ്പം വീടില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് വീട് നല്‍കാനും പദ്ധതിയിലൂടെ കഴിയും. ആശ്രയ പദ്ധതിക്ക് ചലഞ്ച് ഫണ്ടായി 15 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, സമൂഹത്തിന്റെ നന്മകള്‍ കണക്കിലെടുത്ത് 15 ലക്ഷത്തില്‍ നിന്ന് 25 ലക്ഷം രൂപയായി ചലഞ്ച് ഫണ്ട് ഉയര്‍ത്തുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനവും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ കാര്യക്ഷമവും സുഗമവുമായ പദ്ധതി നിര്‍വഹണത്തിന് വിലയിരുത്തല്‍ സമിതിയും രൂപീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും സെക്രട്ടറി കണ്‍വീനറുമായ കമ്മിറ്റിയില്‍ ഒമ്പതംഗങ്ങളാണുള്ളത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, സിഡിഎസ് മെംബര്‍ സെക്രട്ടറി, മെഡിക്കല്‍ ഓഫിസര്‍, സാമൂഹിക വികസന ചുമതലയുള്ള ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ഐസിഡിഎസ് ഉപസമിതി കണ്‍വീനര്‍ എന്നിവര്‍ പദ്ധതിയുടെ വിലയിരുത്തല്‍ നിര്‍വഹിക്കും.

RELATED STORIES

Share it
Top