കുടുംബശ്രീയില്‍ സമ്പൂര്‍ണ രാഷ്ട്രീയവല്‍ക്കരണമെന്ന്

കോഴിക്കോട്: കോര്‍പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ സിപിഎംവല്‍ക്കരണമാണ് നടക്കുന്നതെന്നു കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം. കുടുംബശ്രീ ഓരോ വാര്‍ഡിലും നടത്തുന്ന പ്രവര്‍ത്തനം സംബന്ധിച്ച് കൗണ്‍സിലര്‍മാരെ അറിയിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞ് കാര്യങ്ങള്‍ അറിയേണ്ട ഗതികേടാണെന്നും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.
ഇതിന്റെ പേരില്‍ നടന്ന ചര്‍ച്ചയില്‍ യുഡിഎഫ് അംഗങ്ങളും ഭരണപക്ഷവും തമ്മില്‍ കൊമ്പുകോര്‍ത്തത് ബഹളത്തിന് ഇടയാക്കി. കുടുംബശ്രീ സിഡിഎസിന്റെ കീഴിലുള്ള ബാലസഭ മുഖേന രൂപീകരിച്ച ബാന്റ് സെറ്റിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് അംഗം അഡ്വ. പി എം നിയാസ് പറഞ്ഞു. നാല്‍പതാം നമ്പര്‍ അജണ്ട പരിഗണിച്ചപ്പോഴാണ് അഡ്വ. നിയാസ് തന്റെ പ്രതിഷേധം അറിയിച്ചത്. കുടുംബശ്രീ കോര്‍പറേഷന്റെ കീഴിലാണ്.
എന്നാല്‍ കുടുംബശ്രീയുടെ പല പ്രവര്‍ത്തനങ്ങളും കൗണ്‍സിലര്‍മാരെ അറിയിക്കാറില്ല. യുഡിഎഫ് കൗണ്‍സിലര്‍മാരെയാണ് കൂടുതലായി അവഗണിക്കുന്നത്. ഒരു ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനം പോലെയാണ് കുടുംബശ്രീ മുന്നോട്ട് പോകുന്നത്. അഡ്വ. നിയാസ് പറഞ്ഞു.
ഇതോടെ ബഹളമായി. നിയാസ് പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷത്തുളള എം പി സുരേഷ്, വി ടി സത്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് ഭരണ, പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നേരിയ തോതില്‍ വാക്കേറ്റമുണ്ടായി. കൂട്ടിചേര്‍ത്ത പ്രദേശത്തുള്ള കുട്ടികളെയും ബാന്റ് സംഘത്തില്‍ പരിഗണിക്കാമായിരുന്നുവെന്ന് മുഹമ്മദ് ഷമീല്‍(ലീഗ്) പറഞ്ഞു.
കുടുംബശ്രീയുടെ പരിപാടി കൗണ്‍സിലര്‍മാരെ അറിയിക്കാതെ സ്വകാര്യമായി നടത്തുന്നത് അവസാനിപ്പിക്കണമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് സി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ബാന്റ് സംഘം രൂപീകരണവുമായി ബന്ധപ്പെട്ട് വിശദീകരിക്കാന്‍ ഡെപ്യൂട്ടി മേയര്‍ ക്ഷണിക്കുന്നതിന് മുമ്പ് പ്രോജക്ട് ഓഫീസര്‍ റംസി ഇസ്മായില്‍ സംസാരിച്ചതും വിവാദമായി. ചെയറില്‍ നിന്ന് ക്ഷണിക്കുന്നതിന് മുമ്പ് പ്രോജക്ട് ഓഫീസര്‍ സംസാരിച്ചത് തെറ്റായ കീഴ് വഴക്കമാണെന്ന് സി അബ്ദുറഹിമാന്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പിന്നീട് റംസി ഇസ്മായിലിനെ സംസാരിക്കാന്‍ അനുവദിച്ചു.

RELATED STORIES

Share it
Top