കുടുംബവഴക്കിനിടെ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കരുനാഗപ്പള്ളി: കുടുംബകലഹത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ കുത്തിക്കൊന്നു. തൊടിയൂര്‍ മുഴങ്ങോടി ചേമത്തു കീഴക്കതില്‍ ദീപന്‍ (28) ആണു മരിച്ചത്. മകന്‍ സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് ഇവിടെ വഴക്കു പതിവായിരുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ മദ്യപിച്ചെത്തിയ ദീപനുമായി അച്ഛന്‍ മോഹനന്‍ വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നു പുറത്തു പോയ ദീപന്‍ ഇന്നലെ രാവിലെ ആറോടു കൂടി വീട്ടിലെത്തി അച്ഛനുമായി വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മോഹനന്‍ മകനെ കുത്തുകയായിരുന്നു.
ആഴത്തില്‍ കുത്തേറ്റ ദീപനെ ഉടന്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംഭവം നടന്ന ശേഷം അന്വേഷിച്ചെത്തിയ പോലിസിനെ കണ്ട് മോഹനന്‍ കായലില്‍ ചാടി. കായലില്‍ നിന്നു കരയ്‌ക്കെത്തിച്ചപ്പോള്‍ മോഹനന്‍ വിഷക്കായ കഴിച്ചിട്ടുണ്ടെന്ന് പോലിസിനോട് പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാള്‍ പോലിസ് നിരീക്ഷണത്തിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ച ദീപന്‍ നിരന്തരം വഴക്കുണ്ടാക്കുന്നതുമൂലം ഭാര്യ പിണങ്ങിപ്പോയതായി പോലിസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മണിയമ്മയാണ് അമ്മ, ദീപു ഏക സഹോദരനാണ്.

RELATED STORIES

Share it
Top