കുടുംബയോഗങ്ങള്‍

കുടുംബയോഗങ്ങളുടെ കാലമാണിത്. ഒരിടത്തു തന്നെ പടര്‍ന്നു പന്തലിച്ചും പലേടത്തായി ചിതറിത്തെറിച്ചും കഴിയുന്ന കുടുംബങ്ങളുണ്ട്. അവര്‍ ഒത്തൊരുമിച്ചു ചേരുന്നു, സ്‌നേഹം പങ്കിടുന്നു, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. കുടുംബയോഗങ്ങള്‍ ഏതായാലും നന്മയുടെയും സ്‌നേഹത്തിന്റെയും വെളിച്ചമാണു പ്രസരിപ്പിക്കുന്നത്.
എന്നാല്‍, ചിലപ്പോഴൊക്കെ തറവാട്ടുമഹിമയുടെ പേരിലും മറ്റുമുള്ള മിഥ്യാഭിമാനങ്ങളെ ഇത്തരം ഒത്തുചേരലുകള്‍ പ്രോല്‍സാഹിപ്പിക്കുന്നുമില്ലേ? അധമമായ മാല്‍സര്യബോധത്തിലേക്കുപോലും സ്വന്തം കുടുംബത്തെച്ചൊല്ലിയുള്ള അഭിമാനം ആളുകളെ നയിക്കുന്നു. കുടുംബബന്ധങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ക്ക് ഇങ്ങനെയൊരു സ്ഥിതി ഉണ്ടാവരുത്.
ഈയിടെയായി ഒരേ വീട്ടുപേരുള്ളവരുടെയും ഒരേ തറവാട്ടുപേരുള്ളവരുടെയും ഒത്തുചേരലുകള്‍ സംഘടിപ്പിച്ച് കാര്യങ്ങളെ കൂടുതല്‍ സര്‍ഗാത്മകമാക്കുന്നു ചിലര്‍. ഇത്തരം ഒത്തുചേരലുകള്‍ ജാതി-മതാതീതമായ ഒരുമ ദൃഢമാക്കുന്നു. കുറച്ചുകൂടി മുന്നോട്ടുകടന്ന് ഒരേ പേരുകാര്‍ ഒരുമിച്ചു ചേരുന്ന കൗതുകവും അരങ്ങേറി ഈയിടെ മലപ്പുറത്ത്. റഷ്യന്‍ പേരുള്ള ആളുകളുടെ കൂടിച്ചേരലും നടന്നിരുന്നു കേരളത്തില്‍ കുറച്ചു മുമ്പ്.
വെറും കൗതുകത്തിനപ്പുറത്ത് ചില മനശ്ശാസ്ത്ര ധര്‍മങ്ങള്‍ ഇത്തരം ഒത്തുചേരലുകള്‍ നിറവേറ്റുന്നുണ്ട്. ഒറ്റപ്പെട്ടുപോവുന്ന മനുഷ്യര്‍ ഇത്തരം സംഗമങ്ങളിലൂടെ തങ്ങളെപ്പോലെയുള്ളവരുടെ നേരെ കൈനീട്ടുകയല്ലേ ചെയ്യുന്നത്?

RELATED STORIES

Share it
Top