കുടുംബബന്ധങ്ങള്‍ ദുര്‍ബലം ; സ്വത്തിനു പ്രാമുഖ്യം നല്‍കുന്ന സമൂഹമായി കേരളം മാറരുതെന്ന് വനിതാ കമ്മീഷന്‍ആലപ്പുഴ: കേരളത്തിലെ കുടുംബബന്ധങ്ങള്‍ നീര്‍ക്കുമിളപോലെ പൊട്ടിത്തകരുന്ന സാഹചര്യം ഗൗരവതരമാണെന്നും കമ്മിഷന് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും വനിതാകമ്മീഷന്‍ ആംഗം ഡോ. ജെ പ്രമീളാ ദേവി പറഞ്ഞു. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് 85, 87 വയസ്സുള്ള മാതാപിതാക്കള്‍ ന്ല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍. മൂന്നുസഹോദരങ്ങളും ഒരു സഹോദരിയും സ്വത്തിന്റെ കാര്യം പറഞ്ഞ് കലഹിക്കുന്നതില്‍ മനംനൊന്താണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. സാഹോദര്യത്തിന്റെ വില അറിയാതെ സ്വത്തിനു പ്രാമുഖ്യം നല്‍കുന്ന സമൂഹമായി കേരളം മാറരുത്. മനുഷ്യ ബന്ധങ്ങളുടെ കാര്യത്തില്‍ അക്ഷരാഭ്യാസമില്ലാത്ത സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നിലായി കേരളം മാറുന്നത് വേദനാജനകമാണ്. വൃദ്ധയായ മാതാപിതാക്കളെക്കൊണ്ട് പൊറുതിമുട്ടിയ മക്കളും പരാതിയുമായി ഇന്നലെ കമ്മീഷനുമുന്നിലെത്തി. കായംകുളം സ്വദേശിയായ യുവതി കഴിഞ്ഞ അദാലത്തില്‍ എത്തി അയല്‍വാസിയുടെ ദുഷ്‌ചെയ്തികള്‍ക്കെതിരേ പരാതി നല്‍കിയപ്പോള്‍ എതിര്‍കക്ഷി തീര്‍ത്തും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചത് മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചതായി കമ്മീഷന് മുന്നി ല്‍ പറഞ്ഞു.  ചില തെറ്റിദ്ധാരണകള്‍ ഉണ്ടായതിനാല്‍ വീട്ടില്‍ നിന്ന് പോലും മാറി നില്‍ക്കേണ്ടി വന്നതായി ഇവര്‍ ബോധിപ്പിച്ചു. കമ്മീഷന്‍ ഇത് ഗൗരവമായി കാണുന്നതായും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച എതിര്‍ കക്ഷിയെ ശാസിക്കുകയും ചെയ്തു. കമ്മീഷനുമുമ്പില്‍ വന്ന് പരാതി പറയുമ്പോള്‍ വിജയിക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കക്ഷിയുടെ സമാധാനപരമായ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും പരാതിക്കാരിക്ക് സ്വസ്ഥകുടുംബ ജീവിതം നയിക്കുന്നതിന് കമ്മീഷന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദാലത്തില്‍ വ്യക്തമാക്കി. വ്യാജ ആരോപണങ്ങള്‍ക്ക് വിധേയയായ സ്ത്രീക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ കമ്മീഷന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വിദ്യാഭ്യാസ റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജീവനക്കാര്‍ അധ്യാപക സംഘടനാ നേതാക്കള്‍ക്കെതിരേ നല്‍കിയ പരാതിയും കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. അധ്യാപകന്റെ അപ്പീല്‍ വൈകിക്കുന്നു എന്നാരോപിച്ച് നേതാക്കള്‍ ഓഫിസില്‍ കടന്നുചെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ കാലതാമസം വരുത്തിയത് മനപ്പൂര്‍വമാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ വിശദമായ പരിശോധനയ്ക്ക്‌ശേഷം റിപോര്‍ട്ട് നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറോട് ആവശ്യപ്പെട്ടു. 90 കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. 47 കേസുകള്‍ പരിഹരിച്ചു. 13 കേസുകളില്‍ പോലിസിന്റെയും ആര്‍ഡിഒയുടെയും റിപ്പോര്‍ട്ട് തേടി. 30 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

RELATED STORIES

Share it
Top