കുടുംബത്തെ സാക്ഷിനിര്‍ത്തി കെയ്‌നിന്റെ ഗോളടി മേളം

മോസ്‌കോ: നായകന്‍ ഹാരി കെയ്‌നിന്റെ ഹാട്രിക് മികവില്‍ പാനമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചപ്പോള്‍ സാക്ഷിയായി കെയ്‌നിന്റെ കുടുംബം. നിഷ്‌നിയിലെ നോവ്‌ഗൊറോഡ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ തകര്‍ത്തുവിട്ടത്.
സഹോദരന്‍ ചാര്‍ലി കെയ്ന്‍, പിതാവ് പാറ്റ്, മാതാവ് കിം എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്നും കെയ്‌നിന് പ്രോല്‍സാഹനവുമായി റഷ്യയിലെത്തിയത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിച്ച കെയ്ന്‍ രണ്ടു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ ഇപ്പോള്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു. മാത്രമല്ല ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കിന് അവകാശിയായിട്ടുള്ളതും കെയ്ന്‍ മാത്രമാണ്. വ്യക്തിഗത മികവിനൊപ്പം ടീമിനെ പ്രചോദിപ്പിക്കാനും കെയ്‌നിന് കഴിയുന്നു എന്നതും ശ്രദ്ധേയം.
ഗോളടിച്ചു കൂട്ടി കെയ്ന്‍ കുതിക്കുമ്പോള്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ പിന്നിലാണ്. കെയ്ന്‍ രണ്ടു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളടിച്ചപ്പോള്‍, അത്രതന്നെ മല്‍സരങ്ങളില്‍ നിന്ന് നാലു വീതം ഗോളുകളുമായി റൊണാള്‍ഡോയും ബെല്‍ജിയം താരം റൊമേലു ലുക്കാക്കുവും രണ്ടാമതായി. ഇംഗ്ലണ്ടിന്റെ അടുത്ത മല്‍സരം ശക്തരായ ബെല്‍ജിയത്തിനെതിരേയാണ്.
മൂന്നു ഗോള്‍ വീതം വലയിലെത്തിച്ചു സ്‌പെയിനിന്റെ ഡിയേഗോ കോസ്റ്റയും റഷ്യയുടെ ഡെന്നീസ് ചെറിഷേവും ഗോള്‍വേട്ടക്കാരില്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്്. റഷ്യയുടെ ആര്‍ട്ടം സ്യൂബ, ബ്രസീലിന്റെ ഫിലിപെ കുടീഞ്ഞോ, നൈജീരിയയുടെ അഹമ്മദ് മൂസ, ബല്‍ജിയം താരം ഏദന്‍ ഹസാര്‍ഡ്, ആസ്‌ത്രേലിയന്‍ നായകന്‍ മിലെ ജഡിനാക്, ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് എന്നിവരാണു രണ്ടു വീതം ഗോളുകളുമായി മല്‍സരരംഗത്തുള്ള മറ്റു താരങ്ങള്‍.

RELATED STORIES

Share it
Top