കുടുംബത്തെ മയക്കി കവര്‍ച്ച: നഷ്ടമായത് മൂന്നു ലക്ഷത്തിന്റെ സ്വര്‍ണവും 5000 രൂപയും

തിരൂര്‍: മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി വീട്ടുകാരെ മയക്കിക്കിടത്തി വേലക്കാരി കവര്‍ന്നത് മൂന്നു ലക്ഷത്തോളം വിലയുള്ള സ്വര്‍ണവും 5000 രൂപയും. എടശ്ശേരി ഖാലിദ് അലിയുടെ ഭാര്യ സൈനബ, മകള്‍ ഫിദ എന്നിവര്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവുമാണ് നഷ്ടമായത്.
കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശി വേലക്കാരിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. തൃപ്രങ്ങോട് ആലിങ്ങല്‍ എടശ്ശേരി ഖാലിദലിയുടെ വീട്ടിലെ വേലക്കാരിയായ മാരിയമ്മക്കെതിരായാണ് അന്വേഷണം ആരംഭിച്ചത്. തിരൂര്‍ സിഐ പി അബ്ദുല്‍ ബഷീര്‍ തലവനായി രണ്ട് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.
കവര്‍ച്ച നടത്തിയ മാരിയമ്മ പുലര്‍ച്ചെ അഞ്ചു മണിയോടെ ആലിങ്ങല്‍ അങ്ങാടിയില്‍ നിന്ന് തിരൂരിലെത്തി അവിടെ നിന്നും ബസ് മാര്‍ഗം തിരുവനന്തപുരത്തേക്കും അവിടെ നിന്നും കൊല്ലത്തേക്കും പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ് നാട്ടിലേക്ക് കടക്കാനിടയുള്ളതിനാല്‍ തമിഴ്‌നാട് പോലിസിന്റ സഹായത്തോടെ മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങിലും ഒരു സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ധാരാളം പണവും സ്വര്‍ണവും വീട്ടിലുണ്ടെന്ന വിശ്വാസത്തിലാണ് വേലക്കാരി കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് കരുതുന്നു. മൂന്നു ദിവസം മാത്രം ജോലി ചെയ്ത് കവര്‍ച്ച നടത്തി രക്ഷപ്പെടണമെങ്കില്‍ ഇവര്‍ മുമ്പും ഇത്തരം കവര്‍ച്ചകള്‍ നടത്തിയിരിക്കുമെന്നാണ് പോലിസിന്റെ നിഗമനം. മയക്കുമരുന്ന് കലര്‍ന്ന ജ്യൂസ് കഴിച്ച് അബോധാവസ്ഥയിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഖാലിദലി, ഭാര്യ സൈനബ, മകള്‍ ഫിദ എന്നിവര്‍ വീട്ടിലെത്തി. തുടര്‍ന്നാണ് പണം നഷ്ടമായ വിവരം ലഭിച്ചത്.
വീട്ടുകാര്‍ അണിഞ്ഞ 15 പവന്‍ സ്വര്‍ണാഭരണമാണ് മോഷണം പോയത്. മാരിയമ്മയെ ഇവരുടെ വീട്ടിലെത്തിച്ച തമിഴ്‌നാട് സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നല്‍കുന്നത്. ഇത് പോലിസിനെ കുഴക്കുന്നുണ്ട്.

RELATED STORIES

Share it
Top