കുടുംബത്തിലെ മൂന്നുപേരുടെ മരണം; ഞെട്ടല്‍ വിട്ടുമാറാതെ കുടിയേറ്റ മേഖല

പുല്‍പ്പള്ളി: കബനി നദിയില്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ച ചക്കാലക്കല്‍ സ്‌കറിയ, മക്കളായ അജിത്, ആനി എന്നിവരുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നു വിട്ടുമാറാനാവാതെ നാട്. കോഴിക്കോട് ബിരുദത്തിന് പഠിക്കുന്ന ആനിയും ബന്ധുക്കളായ സെലിന്‍, മിഥുല, അലീന എന്നിവരും ആനിയുടെ സഹോദരന്‍ അജിത്തും സ്‌കറിയയും ഉച്ചയ്ക്ക് രണ്ടോടെയാണ് കബനിയിലെ നീരൊഴുക്ക് കുറഞ്ഞ മഞ്ഞാടിക്കടവില്‍ ബന്ധുക്കളായ കുട്ടികളോടൊപ്പം എത്തിയത്.
വെള്ളം കുറഞ്ഞ ഭാഗത്ത് നീന്തുന്നതിനിടെ ആനി അപകടത്തില്‍പ്പെടുകയായിരുന്നു. ആനിയെ രക്ഷിക്കുന്നതിനായി കയത്തിലേക്ക് പിതാവും സഹോദരനും ചാടി. നീന്തല്‍ അറിയാമായിരുന്നിട്ടും ഇരുവരും കയത്തിലെ ചുഴിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടികള്‍ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും പരിസരവാസികള്‍ ശ്രദ്ധിച്ചില്ല. നിലവിളി ഉച്ചത്തിലായതോടെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം അജിത്തിനെയും തുടര്‍ന്ന് സ്‌കറിയയെയും അവസാനം ആനിയെയും കയത്തില്‍ നിന്നു കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം നാട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാവാമെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും പുഴയില്‍ തിരച്ചില്‍ നടത്തി.
ആകെ ആറുപേര്‍ മാത്രമാണുണ്ടായിരുന്നതെന്നു രക്ഷപ്പെട്ട കുട്ടികളില്‍ നിന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹങ്ങള്‍ക്ക് അന്ത്യോമപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെങ്കിലും വൈകിയതിനെ തുടര്‍ന്ന് നടപടികള്‍ ഇന്നത്തേക്ക് മാറ്റി.
ജില്ലാ ആശുപത്രിയില്‍ ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് നാലിന് കബനിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

RELATED STORIES

Share it
Top