കുടുംബത്തിലെ ദുരൂഹമരണങ്ങള്‍: അന്വേഷണം ഊര്‍ജിതം

തലശ്ശേരി: മുഖ്യമന്ത്രിയുടെ നാട്ടിലെ ഒരുവീട്ടില്‍ അടുത്തിടെ ഒന്നിനു പിറകെ മറ്റൊന്നായി നടന്ന നാലു ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പിണറായി പടന്നക്കര കൂഞ്ഞേരി കുഞ്ഞിക്കണ്ണന്റെ വണ്ണത്താംവീട്ടില്‍ 2012ലാണ് ദുരൂഹത ഉയര്‍ത്തുന്ന മരണപരമ്പരയുടെ തുടക്കം. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളായ കീര്‍ത്തന (ഒന്ന്) ഛര്‍ദിയെ തുടര്‍ന്നു മരിച്ചു. സംശയമൊന്നും ഇല്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. സൗമ്യയുടെ മൂത്തമകളും നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐശ്വര്യ ഇക്കഴിഞ്ഞ ജനുവരി 21ന് ഇതേ സാഹചര്യങ്ങളില്‍ മരിച്ചു. ഐശ്വര്യയെയും പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയില്ല.
കുഞ്ഞിക്കണ്ണന്റെ ഭാര്യ വടവതി കമല(68) കഴിഞ്ഞ മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13നും ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന സൗമ്യ (34) ഛര്‍ദിയെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് ഫോറന്‍സിക് സര്‍ജന്‍ ഡോ. സുജിത് ശ്രീനിവാസനും സംഘവും പരിശോധിക്കുകയും രക്തം പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. തുടര്‍ച്ചയായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. സിഐ കെ ഇ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടില്ല.
ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് പ്രദേശവാസികള്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വീട്ടുകിണറില്‍ അയേണിന്റെയും അമോണിയത്തിന്റെയും അംശങ്ങള്‍ വന്‍തോതില്‍ ഉണ്ടെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അധികൃതര്‍ കിണര്‍വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
അതേസമയം, സൗമ്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ദിവസം ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് ശാസ്ത്രീയാന്വേഷണം തൃപ്തികരമായി നടത്തുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top