കുടുംബത്തിലെ ഏഴുപേര്‍ വാഹനാപകടത്തില്‍ മരിച്ചുബന്തിയോട് (കാസര്‍കോട്): വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനുപോയ കാസര്‍കോട് പൈവെളിഗെ പഞ്ചായത്തിലെ ബന്തിയോട് മണ്ടേക്കാപ്പ് സ്വദേശികളായ ഒരു കുടുംബത്തിലെ ഏഴുപേര്‍  വാഹനാപകടത്തില്‍ മരിച്ചു.  ഹെറാള്‍ഡ് മൊന്തേരോ (50), ഭാര്യ പ്രസില്ല (40), മകന്‍ രോഹിത് (22), ഹെറാള്‍ഡിന്റെ സഹോദരന്‍ സതറിന്‍ മൊന്തേരോ (35), മകള്‍ ഷാരോണ (അഞ്ച്), ഹെറാള്‍ഡിന്റെ ഇളയ സഹോദരന്‍ ആല്‍വിന്‍ മൊന്തേരോ (29), ഹെറാള്‍ഡിന്റെ സഹോദരന്‍ ഡെന്‍സിലിന്റെ ഭാര്യ റീമ (37) എന്നിവരാണു തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വേളാങ്കണ്ണിയില്‍ നിന്ന് 229 കിലോമീറ്റര്‍ അകലെ കരൂര്‍ ജില്ലയിലെ കുലിത്തലെയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ടൊയോട്ട ക്വാളിസില്‍ ലോറിയിടിച്ചാണ് അപകടം. രോഹിതിന്റെ ഇരട്ടസഹോദരന്‍ റോഷന്‍ (22), സതറിന്റെ ഭാര്യ ജേഷ്മ (26), മകള്‍ സന്‍വി (ഒന്നര), ആല്‍വിന്റെ ഭാര്യ പ്രീമ (25) എന്നിവര്‍ കരൂര്‍ കുലിത്തലെ ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ മാസം ആറിനായിരുന്നു ആല്‍വിന്റെയും പ്രീമയുടെയും വിവാഹം. കുടുംബാംഗങ്ങളുമായി 11നാണ് 11 പേരടങ്ങിയ സംഘം മണ്ടേക്കാപ്പില്‍ നിന്നു വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയത്. തീര്‍ത്ഥാടനം കഴിഞ്ഞു നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ആറുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലിസ് അറിയിച്ചു. ഹെറാള്‍ഡും കുടുംബവും 25 വര്‍ഷമായി പൂനെ അഹ്മദ്‌നഗറില്‍ കാന്റീന്‍ നടത്തിവരുകയായിരുന്നു. മണ്ടേക്കാപ്പിലെ ബെഞ്ചമിന്‍-മേരി ദമ്പതികളുടെ മക്കളാണ് ഹെറാള്‍ഡ് മൊന്തേരോ, സതറിന്‍ മൊന്തേരോ, ആല്‍വിന്‍ മൊന്തേരോ എന്നിവര്‍.

RELATED STORIES

Share it
Top