കുടുംബത്തിന് നേരെ ബാങ്ക് ജീവനക്കാരുടെ കൈയേറ്റം

ഭരണിക്കാവ്: ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ഗൃഹനാഥനെയും കുടുംബത്തേയും മര്‍ദ്ദിച്ചതായി പരാതി. എന്നാല്‍ തങ്ങളെ മര്‍ദ്ദിച്ചതായി ആരോപിച്ച് ഗൃഹനാഥനെതിരേ ബാങ്ക് ജീവനക്കാര്‍ പോലിസില്‍ പരാതി നല്‍കി.മയ്യത്തുംകര പെരുംചേരിവിള എ എസ് മന്‍സിലില്‍ ആസാദിന്റെ കുടുംബത്തിനു നേരെയാണ് ബാങ്ക് ജീവനക്കാര്‍ കൈയേറ്റം നടത്തിയത്. ഭൂപണയ ബാങ്കിന്റെ ഭരണിക്കാവ് ബ്രാഞ്ചില്‍ നിന്നും എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആസാദിന്റെ ഭാര്യ സൗമ്യ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചെന്ന് ബാങ്ക് ജീവനക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത ആസാദിനെ ഇന്നലെ വീട്ടില്‍ വന്ന് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആസാദിന്റെ മകന്‍ ആദിലിനെ ദൂരേക്ക് വലിച്ചെറിയുകയും ചെയ്തു. കൈയില്‍ പരിക്ക് പറ്റിയ കുട്ടി ശാസ്താംകോട്ട താലൂക്ക്് ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലിസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ലെന്നും വീട്ടുകാര്‍ ആരോപിച്ചു.അതേസമയം, ശാസ്താംകോട്ട കാര്‍ഷിക വികസന ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി ഗോപാലപിള്ള, ജീവനക്കാരായ അഭിജിത്ത്, കൃഷ്ണകുമാര്‍ എന്നിവരെ ആസാദ് മര്‍ദ്ദിച്ചതായി കാട്ടി ഇവര്‍ പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top