കുടിവെള്ള വിതരണക്കാര്‍ സജീവം

കാഞ്ഞിരപ്പള്ളി: മേഖലയില്‍ വേനല്‍ കടുത്തതോടെ കുടിവെള്ള വിതരണക്കാര്‍ സജീവമായി. പിക്കപ്പ് വാനുകള്‍, ലോറികള്‍ എന്നിവയില്‍ വലിയ ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുന്ന ഏജന്‍സികള്‍ വര്‍ധിച്ചു. ദിവസേന 40,000 ലിറ്റര്‍ വരെ വെള്ളം വില്‍ക്കാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയ സര്‍ട്ടിഫിക്കറ്റും ഇവരുടെ കൈയിലുണ്ടാവും. ഉദ്യോഗസ്ഥരെ സ്വാധിനിച്ച് വാങ്ങുന്നതാണ് സര്‍ട്ടിഫിക്കറ്റ് എന്ന് ആക്ഷേപമുണ്ട്. വര്‍ഷങ്ങളായി വൃത്തിയാക്കല്‍ നടക്കാതെ പാറമടയില്‍ കെട്ടിക്കിടക്കുന്ന വെള്ളം വലിയ ഹോസുകള്‍ വഴി കിണറിന് സമീപത്ത് കുത്തിയ കുഴികളിലേക്ക് പമ്പ് ചെയ്യും.
15 മിനിറ്റിനകം ഈ വെള്ളം കിണറിനകത്തെത്തും. മണ്ണിലൂടെ അരിച്ചിറങ്ങുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2000, 5000,10000 ലിറ്റര്‍ എന്നിങ്ങനെയാണ് ടാങ്കുകളുടെ വലിപ്പം. 2000 ലിറ്ററിന് 750 രുപ മുതല്‍ 800 രുപ വരെയാണ് ഈടാക്കുന്നത്. 5000 ലിറ്ററിന് 1500 മുതല്‍ 2000 രുപ വരെയും. പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് വണ്ടി വാടകയായി കൂടുതല്‍ തുക വാങ്ങുന്നവരുമുണ്ട് .വേനല്‍ രൂക്ഷമായതോടെ പ്രധാന ടൗണുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം വിതരണം നിലച്ചു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി ടൗണുകളിലാണ് മാസങ്ങളായി ജലവിതരണം നിര്‍ത്തിവച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ടൗണിന്റെ വിവിധ പ്രദേശങ്ങളില്‍ ജലമെത്തിയിട്ട് മാസങ്ങളോളമായി. ഇതോടെ വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യത്തിനും പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ്.
ടൗണില്‍ നിരവധി കണക്ഷനുകള്‍ ഉണ്ടെങ്കിലും വാട്ടര്‍ അതോറിറ്റി കാര്യക്ഷമമായി ജലവിതരണം നടത്താത്തതില്‍ പ്രതിഷേധം ശക്തമാണ്. നിസാര തകരാറുകളുടെ പേരിലാണ് ടൗണിലെ നൂറിലധികം കണക്ഷനുകളില്‍ ജല വിതരണം തടസ്സപ്പെട്ടിരിക്കുന്നത്. പമ്പിങ് നടത്തുന്ന മോട്ടോറിന്റെ തകരാര്‍ മൂലമാണ് ജലവിതരണം തടസ്സപ്പെടുന്നതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിടും മോട്ടോര്‍ തകരാര്‍ പരിഹരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെള്ളം വറ്റി തുടങ്ങിയാല്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളത്തിന് വില ഇരട്ടിയാവും. ടാങ്കറുകയില്‍ എത്തിക്കുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലേക്കും ടാങ്കിലേക്കും പമ്പ് ചെയ്യണമെങ്കില്‍ 100 രുപ അധികം കൊടുക്കണം.

RELATED STORIES

Share it
Top