കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒന്നര വര്‍ഷം; വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

നെല്ലിക്കുന്ന്: വേനല്‍കാലത്ത് ജനങ്ങളെ ഉപ്പ് വെള്ളം കുടിപ്പിക്കുന്ന ജല അതോറിറ്റി കുടിവെള്ളം പാഴാവുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. ബങ്കരക്കുന്നില്‍ കുടിവെള്ള വിതരണ പെപ്പ് പൊട്ടിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ബിഎസ്‌സി ബങ്കരക്കുന്നിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുടിവെളള പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോവുന്ന സ്ഥലത്ത് വാഴ നട്ട് പ്രതിഷേധിച്ചു.
നിരവധി തവണ പരാതിപ്പെട്ടിട്ടും ഒന്ന് രണ്ട് തവണ വന്ന് നന്നാക്കിയെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. ആഴ്ച്ചയില്‍ മൂന്ന് തവണ ജലവിതരണമാണ് നടക്കുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ സമരം നടത്തുമെന്ന് ബങ്കരക്കുന്ന് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധത്തിന് ബി എം അബ്ദുല്‍ കബീര്‍, ഹനീഫ് മാഷ്, അന്‍വര്‍ മുക്രി, അബ്ബാസ് വെറ്റില, സമീര്‍ ബെല്‍ക്കാട്, സാഹു തൈവളപ്പ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top