കുടിവെള്ള പൈപ്പ് ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു

പത്തനാപുരം: കുടിവെള്ളപൈപ്പ് ഇറക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ നോക്ക് കൂലി ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കേണ്ട ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ നോക്കുകൂലി വാങ്ങി നല്‍കിയതായി ആക്ഷേപം. മുഖ്യമന്ത്രിയും ഒപ്പം തൊഴില്‍ മന്ത്രിയും നോക്കുകൂലിക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുമ്പോഴാണ് തൊഴില്‍ വകുപ്പ് അധികാരികള്‍ തന്നെ നോക്കുകൂലിക്ക് കൂട്ടുനില്‍ക്കുന്നത്. കുടിവെള്ള പദ്ധതിക്കായി വിളക്കുടി പഞ്ചായത്തിലെ ചേത്തടിയില്‍ ഇറക്കുവാന്‍ കൊണ്ടുവന്ന കൂറ്റന്‍ പൈപ്പുകള്‍ ഇറക്കുന്നത് സംബസിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന തര്‍ക്കമാണ് ഒടുവില്‍ നോക്കുകൂലി വാങ്ങി നല്‍കി ലേബര്‍ ഓഫിസില്‍ പരിഹരിച്ചത്. ക്രെയിന്‍ ഉപയോഗിക്കാതെ ഇറക്കാന്‍ പറ്റാത്ത കൂറ്റന്‍ പൈപ്പുകള്‍ ഇറക്കുന്നതിന് നോക്ക് കൂലിയായി  പതിനായിരം രൂപയാണ് തൊഴിലാളികള്‍ ആദ്യം ആവശ്യപ്പെട്ടത്. ഇത് നല്‍കുവാന്‍ പറ്റില്ലെന്ന് കരാറുകാര്‍ പറഞ്ഞെങ്കിലും രണ്ട് ദിവസം പിന്നിട്ടശേഷം പുനലൂര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഓഫിസര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് 3500 രൂപ നല്‍കി പ്രശ്‌നം പരിഹരിച്ചത്.

RELATED STORIES

Share it
Top