കുടിവെള്ള ക്ഷാമം രൂക്ഷം ; വിവാഹങ്ങളും പ്രതിസന്ധിയില്‍പത്തിരിപ്പാല: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പല വിവാഹങ്ങളും അനിശ്ചിതത്വത്തില്‍. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹങ്ങളെ  വല്ലാതെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വെള്ളക്ഷാമം. പല വിവാഹമണ്ഡപങ്ങളും വെള്ളമില്ലാത്തതിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്നതും ഇത്തരക്കാര്‍ക്ക് ഭീഷണിയാകുന്നു. പല കോളനികളിലും, ഉയര്‍ന്ന പ്രദേശങ്ങളിലുമൊക്കെ ഇപ്പോള്‍ കുടിവെള്ള ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. പലരും പണം കൊടുത്താണ് കുടിവെള്ളം  വാങ്ങുന്നത്. മൂന്ന് ഡ്രമ്മില്‍ വെള്ളം ലഭിക്കണമെങ്കില്‍ 200 മുതല്‍ 250 രൂപ വരെയാണ് ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ വില നല്‍കേണ്ടി വരുന്നത്. വാഹനങ്ങളിലാണ്  ഇവ വിതരണം  ചെയ്യുന്നത്. വീടുകളിലെ കിണറിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നത് വെള്ളം പണത്തിന് എത്തിക്കുന്നവരേയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. കല്യാണമണ്ഡപങ്ങളില്‍ ഇത്തരത്തില്‍ വെള്ളം എത്തിക്കുന്നത് പ്രാവര്‍ത്തികമല്ലാത്തതും, വീടുകളില്‍ കൈ കഴുകാന്‍ പോലും വെള്ള സൗകര്യമില്ലാത്തതുമാണ് വിവാഹ വീട്ടുകാരെ അനിശ്ചിതത്തിലാക്കുന്നത്. മാര്‍ച്ച് 15 മുതല്‍ വിവാഹങ്ങളുടെ തിരക്കാണ്. നിലവിലുള്ള ചൂടും, വെള്ളമില്ലായ്മയും തടസമായതോടെ പലരുടേയും വിവാഹക്ഷണ പോലും അനിശ്ചിതത്തിലാണ്. മുമ്പൊക്കെ കുടിവെള്ള വിതരണം നടത്തുന്ന പല പദ്ധതികളില്‍ നിന്നും വിവാഹം, മരണം തുടങ്ങിയവ ഉണ്ടാവുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രത്യേകം  വെള്ളം സംഭരിക്കാ ന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍  കുടിവെള്ള പദ്ധതികളില്‍ പലതും  ഇപ്പോള്‍ വെള്ളമില്ലാതെ നട്ടം തിരിയുന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലാതായിരിക്കുകയാണ്.

RELATED STORIES

Share it
Top