കുടിവെള്ള ക്ഷാമം നേരിടാന്‍ ത്വരിത നടപടി

കൊല്ലം: ജില്ലയില്‍ കുടിവെള്ളക്ഷാമം നേരിടുന്ന എല്ലാ സ്‌കൂളുകളുടേയും വിവരശേഖരണം നടത്തി പരിഹാര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി അടിയന്തരമായി കൈമാറാന്‍ യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. പി അയിഷാ പോറ്റി എംഎല്‍എയാണ് സ്‌കൂളുകളിലെ കുടിവെള്ള പ്രശ്‌നം ഉന്നയിച്ചത്. പകര്‍ച്ച രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജില്ലാ വികസനസമിതി തീരുമാനിച്ചു. ചികില്‍സയ്ക്ക് ആരോഗ്യ വകുപ്പ് നപടി സ്വീകരിക്കുമ്പോള്‍  രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റു വകുപ്പുകള്‍ പങ്കുചേരണം. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ പകര്‍ച്ച രോഗ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജനുവരി ആദ്യവാരം വിപുലമായ യോഗം ചേരും. ജില്ലാ പഞ്ചായത്തില്‍ ചേരുന്ന യോഗത്തില്‍ എല്ലാ വകുപ്പുകളുടേയും ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് തുടര്‍നടപടികള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിമുക്തി പദ്ധതി മദ്യം വാങ്ങുന്നതിന് നിശ്ചയിച്ച പ്രായപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് പരിശോധന നടത്തി ഉറപ്പാക്കാനും നിയമലംഘനം നടത്തുന്ന ബാറുടമകള്‍ക്കും ബെവ്‌കോ ജീവനക്കാര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കരിങ്കല്‍ ക്വാറികള്‍ക്ക് ഇനി ലൈസന്‍സ് നല്‍കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയേ ഈടാക്കാവുവെന്ന  നിബന്ധന എന്‍ഒസിയില്‍ കൂട്ടിച്ചേര്‍ക്കും. കൃത്രിമ ക്ഷാമമുണ്ടാക്കി പാറവില കുത്തനെ ഉയര്‍ത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും.എംസി റോഡരികില്‍ ഭൂമി കയ്യേറ്റങ്ങളുണ്ടെന്ന ജനപ്രതിനിധികളുടെ പരാതി പരിഗണിച്ച് പരിശോധന നടത്തി റിപോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധനാവേളയില്‍ ഉദ്യോഗസ്ഥരുടെ ആവശ്യാനുസരണം പോലിസ് സുരക്ഷ ഏര്‍പ്പെടുത്തും.കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ നിര്‍ദേശമനുസരിച്ച് ചിറ്റുമലച്ചിറയുടെ നിര്‍മാണ പ്രവര്‍ത്തനം ഒരാഴ്ചയ്ക്കകം തുടങ്ങും. കുന്നത്തൂര്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടം പണി ജനുവരി 11 ന് മുമ്പ് പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്. കൊല്ലം തോടിന്റെ നിര്‍മാണപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന്  എം മുകേഷ് എംഎല്‍എ നിര്‍ദ്ദേശിച്ചു. കുളക്കട-വാടി, ആണ്ടാമുക്കം-താമരക്കുളം റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും ബീച്ച് റോഡ് ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം പ്രതിനിധി യോഗത്തെ അറിയിച്ചു.പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാനും കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും യോഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇവിടങ്ങളില്‍ വിവിധ പ്രവൃത്തികള്‍ക്ക് ചുമലപ്പെടുത്തിയ ഏജന്‍സി കാലതാമസം വരുത്തുന്ന സാഹചര്യത്തില്‍ മറ്റ് പുതിയ ഏജന്‍സിയുടെ സേവനം പ്രയോയജനപ്പെടത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ പട്ടികജാതിക്ഷേമ ഓഫിസറെ ചുമതലപ്പെടുത്തി. പുലമണ്‍ തോടിന്റെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തഹസീല്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണം.  ജില്ലയിലെ നിര്‍മാണം മുടങ്ങിയ ജലവിതരണ പദ്ധതികളും വൈദ്യുതി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കണമെന്ന്  കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.  കെസി വേണുഗോപാല്‍ എംപിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി, എഡിഎം കെ ആര്‍ മണികണ്ഠന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top