കുടിവെള്ള ക്ഷാമം നേരിടാന്‍ എയ്ഞ്ചല്‍വാലിക്കാര്‍ കുഴിച്ചെടുത്തത് ആറു കുളങ്ങള്‍കണമല: ദാഹനീരിനായി നാട് പൊരിഞ്ഞപ്പോള്‍ ഇരുപതും മുപ്പതും വീട്ടുകാരടങ്ങുന്ന സംഘം ജലസാന്നിധ്യമുളള സ്ഥലങ്ങള്‍ തിരഞ്ഞുപിടിച്ച് കുഴിച്ചത് ആറു കുളങ്ങള്‍. കേടായ പൊതുകുഴല്‍കിണര്‍ നന്നാക്കുകയും ചെയ്തു. അങ്ങനെ ആഴ്ചകള്‍ക്കുള്ളില്‍ ആവശ്യംപോലെ വെള്ളവുമായി ആറ് കുളങ്ങള്‍ നാടിന് ജലദായനിയായി മാറി. മണ്ണിനടിയിലെ നീരുറവകള്‍ ചൊരിയുന്ന ശുദ്ധജലം കുളങ്ങളില്‍ നിന്ന് മോട്ടോറുകളിലൂടെ എത്തിച്ച് പൈപ്പുകള്‍ വഴി ഓരോ വീടുകളിലേക്കും ഇപ്പോള്‍ ദിവസവും എത്തുന്നു. ഒപ്പം നന്നാക്കിയെടുത്ത കുഴല്‍കിണറില്‍ നിന്ന് മോട്ടോറും ടാങ്കും വഴി വെള്ളം എത്തുകയാണ്. എയ്ഞ്ചല്‍വാലിയിലും സമീപങ്ങളിലുമാണ് മാതൃകയുടെയും അധ്വാനത്തിന്റെയും കുടിവെള്ളം നിറഞ്ഞത്. ഇതിന് നാട് നന്ദി പറയുന്നത് വനം വകുപ്പിനോടും ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റികളോടുമാണ്. എയ്ഞ്ചല്‍വാലിയിലും അഴുതമുന്നിയിലും ആറാട്ട്കയത്തുമാണ് കുളങ്ങള്‍ നിര്‍മിച്ചത്. സമീപ വാര്‍ഡില്‍ രണ്ട് കുളങ്ങള്‍ പൂര്‍ത്തിയായി. മോട്ടോറുകള്‍, ടാങ്കുകള്‍, പൈപ്പുകള്‍ എന്നിവക്ക് വനം വകുപ്പാണ് ഫണ്ട് നല്‍കുന്നത്.  നാട്ടുകാര്‍ കുളങ്ങള്‍ നിര്‍മിച്ച് വെള്ളം കണ്ടെത്തുന്നതോടെയാണ് ഫണ്ട് നല്‍കുന്നതെന്ന് പെരിയാര്‍ വെസ്റ്റ് ഫോറസ്റ്റ് ഡപ്യൂട്ടി ഡയറക്ടര്‍ സി ബാബു പറഞ്ഞു. പെരിയാര്‍ വെസ്റ്റ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഓരോ ഇഡിസികളുടെ കീഴിലും കുളങ്ങള്‍ നിര്‍മിക്കുകയാണെന്ന് പമ്പ റെയിഞ്ച് ഓഫിസര്‍ അജീഷ് പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ജോഷി പന്തല്ലൂര്‍പറമ്പില്‍, വാര്‍ഡംഗം വല്‍സമ്മ തോമസ്, വിവിധ ഇഡിസികളുടെ ചെയര്‍മാന്‍മാരായ ജെയിംസ്, സി സി കുഞ്ഞുമോന്‍, ബിജു കായപ്ലാക്കല്‍, എം പി കുട്ടപ്പന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് നിര്‍മാണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

RELATED STORIES

Share it
Top