കുടിവെള്ളമില്ല: പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു

കൊഴിഞ്ഞാമ്പാറ: പത്തുദിവസമായി കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് വാടകരപതി ഗ്രാമപ്പഞ്ചായത്തിലെ 16, 17വാര്‍ഡുകളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കോയമ്പത്തൂര്‍-തൃശ്ശൂര്‍ സംസ്ഥാനപാതയിലെ കോഴിപ്പാറയില്‍ കാലികുടങ്ങളുമായി റോഡ് ഉപരോധിച്ചു. രണ്ടുമണിക്കൂറോളം സംസ്ഥാനപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെ ആരംഭിച്ച സമരം 11മണി വേറെ നീണ്ടു.
ഇതോടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോവാന്‍ കഴിയാതെ നിര്‍ത്തിയിട്ടു. വിവരമറിഞ്ഞു കൊഴിഞ്ഞാമ്പാറയില്‍ നിന്ന് പോലിസെത്തി സമരക്കാരുമായി സംസാരിച്ചു. ഇന്ന് ചിറ്റൂര്‍ തഹസില്‍ദാറുമായി ചര്‍ച്ച നടത്തി  പ്രശ്‌നം പരിഹരിക്കാമെന്ന് പോലിസ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും  വൈസ് പ്രസിഡന്റും നാട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കുന്നതില്‍ രാഷ്ട്രീയം കളിക്കുകയാണെമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രണ്ടു വാര്‍ഡുകളിലെ 2500 കുടുംബങ്ങള്‍ കഴിഞ്ഞ പത്തു ദിവസമായി വെള്ളം കിട്ടാത്തതിനാല്‍ ദുരിതം അനുഭവിക്കുകയാണ്. ബോര്‍വെല്ലില്‍ വെള്ളമില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് അധികൃതര്‍. രണ്ടു ദിവസത്തിനകം പ്രശനം പരിഹരിച്ചില്ലെങ്കില്‍ സമരം കലക്ടറേറ്റിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

RELATED STORIES

Share it
Top