കുടിവെള്ളമില്ല ; ആദിവാസിക്കുടിയിലെ അങ്കണവാടി പൂട്ടിവണ്ടിപ്പെരിയാര്‍: കുട്ടികള്‍ക്ക് കുടിക്കാന്‍ പോലും വെള്ളമില്ല.വള്ളക്കടവ് വഞ്ചിവയല്‍ ആദിവാസി  കുടിയിലുള്ളവരുടെ അങ്കണവാടിയുടെ പ്രവര്‍ത്തനം നിലച്ചു, ഒപ്പം കുടിയിലുള്ളവരുടെ ജീവിതവും ദുസ്സഹമായി. പെരിയാര്‍ കടുവ സങ്കേതിത്തിനുള്ളിലെ  വള്ളക്കടവില്‍ നിന്നും നാലു കിലോമീറ്റര്‍ വനത്തിനുള്ളിലാണ് വഞ്ചിവയല്‍ ആദിവാസി കുടി.ഇവിടെ 81 കുടുംബങ്ങളാണ് അധിവസിക്കുന്നത്. ഇവരുടെ കുട്ടികള്‍ക്കായി തുടങ്ങിയ അങ്കണവാടിയുടെ പ്രവര്‍ത്തനമാണ് രണ്ടാഴ്ച്ചയായി കുടിവെള്ളം ഇല്ലാത്തതിനാല്‍ നിലച്ചിരിക്കുന്നത്. എട്ട് ആദിവാസി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ മാസം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് രണ്ട് തവണ മാത്രമാണ് ഈ പ്രദേശത്ത് കുടിവെള്ളം എത്തിച്ചു നല്‍കിയത്.  ഇതിനു ശേഷം ദിവസങ്ങള്‍ പിന്നിട്ടിട്ടും കുടിവെള്ളം പഞ്ചായത്ത് എത്തിച്ചിട്ടില്ല. പെരിയാര്‍ കടുവാ സങ്കേതത്തിലെ വനത്തിനുള്ളിലെ പെരിയാര്‍ നദിയുടെ കയത്തില്‍ നിന്നുമാണ് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വെള്ളം എത്തിച്ചു നല്‍കുന്നതെങ്കിലും കുടിവെള്ള ക്ഷാമം രൂക്ഷമായ വഞ്ചിവയല്‍ മേഖലയില്‍ കൂടുതല്‍ കുടിവെള്ളം നല്‍കാന്‍ പഞ്ചായത്തും തയാറാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  2008-2009 സാമ്പത്തിക വര്‍ഷമാണ് ജില്ലാ പഞ്ചായത്തില്‍ നിന്നും അങ്കണവാടിയുടെ സമീപത്ത് കുളം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്.കുടിയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു നല്‍കാ മെന്ന വ്യവസ്ഥയിലാണ് കുളത്തിന്റെ പണികള്‍ ആരംഭിച്ചത്.ലക്ഷങ്ങള്‍ മുടക്കി രണ്ടു തവണകളിലായാണ് പണികള്‍ നടത്തിയത്. കുളം പണി ആരംഭിച്ചിട്ട് ഏഴു വര്‍ഷം പിന്നിട്ടിട്ടും പണികള്‍ ഇപ്പോഴും പാതിവഴിയില്‍ തന്നെയാണ്. മോട്ടേര്‍, വെള്ളം അടിക്കുന്നതിനു വേണ്ടിയുള്ള പമ്പ് സെറ്റ് ,മോട്ടര്‍ പുര,യാതൊന്നും ഇവിടെ ഇല്ല.  ഇതിനെ തുടര്‍ന്ന് ഊരുമൂപ്പന്റെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ രണ്ട് വര്‍ഷം മുന്‍പ് ഗോത്രവര്‍ഗ കമ്മീഷനു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്  ഇവരുടെ കൃഷിസ്ഥലത്ത് താഴ്ന്ന പ്രദേശങ്ങളില്‍ കുഴികള്‍ കുത്തിയാണ് കുടിക്കാന്‍ മാത്രം വെള്ളം എടുക്കുന്നത്.വീട്ട് ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാല്‍ കാട്ടിനുള്ളില്‍ കിലോമീറ്ററുകള്‍ ദൂരം തല ചുമടായി വേണം വെള്ളം കൊണ്ടുവരാന്‍. കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് കുടിയിലുള്ളവരുടെ ആവശ്യം.

RELATED STORIES

Share it
Top