കുടിവെള്ളമില്ലനാട്ടുകാര്‍ കുത്തിയിരിപ്പ് സമരത്തില്‍

ചിറ്റൂര്‍: കുടിവെള്ളമില്ല എലപ്പുള്ളി പഞ്ചായത്ത് നിവാസികള്‍ റോഡരികില്‍ കുത്തിയിരിപ്പ് സമരം നടത്തി. എലപ്പുള്ളി പഞ്ചായത്തിലെ വാര്‍ഡ് 9ല്‍ ഉള്‍പ്പെടുന്ന കൊട്ടില്‍പ്പാറ, പ്ലാസംപതി, പാറക്കളം, കള്ളിയെലാം പാറ കോളനി എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നത്.  പുതുശ്ശേരി പഞ്ചായത്തിനും വടകരപ്പതി പഞ്ചായത്തിനും നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ ആഴ്ച്ചയിലൊരിക്കലാണ് കുടിവെള്ളമെത്തുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 200 ലധികം പേര്‍ സമരത്തില്‍ പങ്കെടുത്തു.
പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സമീപകാലത്ത് 3 കുഴല്‍ക്കിണറുകള്‍ കുഴിച്ചെങ്കിലും വെള്ളം ലഭിച്ചില്ല. 450 ഓളം കുടുംബങ്ങളാണ് വെള്ളമില്ലാതെ ഇവിടെ ദുരിതത്തിലായിരിക്കുന്നത്. പഞ്ചായത്ത് കുഴിച്ച 3കുഴല്‍ കിണറുകളിലും 700 അടിയിലെത്തിയിട്ടും വെള്ളം കിട്ടാത്തത് മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. രാവിലെ 9 മണി മുതല്‍ ആരംഭിച്ച സമരം തഹസില്‍ദാറുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. വെള്ളിയാഴ്ച്ച പ്രതിനിധികള്‍ കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്‌ന പരിഹാരം കാണാമെന്ന് തഹസില്‍ദാര്‍ വിശാലാക്ഷി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

RELATED STORIES

Share it
Top