കുടിവെള്ളക്ഷാമം രൂക്ഷം

കാക്കനാട്: വേനല്‍ക്കാലം ആരംഭിച്ചിട്ടില്ലെങ്കിലും ജില്ലാ ആസ്ഥാനം കടുത്ത കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. പാട്ടുപുരനഗര്‍, അത്താണി, കൊല്ലംകുടിമുകള്‍, തെങ്ങോട് തുടങ്ങിയ പ്രദേശങ്ങളാണ് കുടിനീര്‍ ക്ഷാമത്തിലമര്‍ന്നത്. തൃക്കാക്കരയില്‍ നഗരസഭയും വാട്ടര്‍ അതോറിറ്റിയും സ്ഥാപിച്ച കുടിവെള്ള പദ്ധതികള്‍ നിരവധി ഉണ്ടെങ്കിലും നിര്‍മാണത്തിലെ അശാസ്ത്രീയയും നടത്തിപ്പിലെ കെടുകാര്യസ്ഥതയും മൂലം മിക്കവയും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല.ഇതില്‍ പ്രധാനപ്പെട്ട മൈക്രോ കുടിവെള്ള പദ്ധതികള്‍ പേരിനു മാത്രമായി. ജല അതോററ്റിയുടെ കുടിവെള്ളം ഒരു ദിവസം മുടങ്ങിയാല്‍ മതി തൃക്കാക്കരയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവാന്‍. നഗരസഭ പ്രദേശത്തെ സമാന്തര കുടിവെള്ള പദ്ധതികള്‍ നിശ്ചലമാണ്. ഓരോ വാര്‍ഡുകളിലുമായി സ്ഥാപിച്ച രണ്ടും മൂന്നും മൈക്രോ കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തന രഹിതമായത്. കിണറുകള്‍ക്ക് മുകളില്‍ ടാങ്ക് സ്ഥാപിച്ച് കിണറ്റില്‍ നിന്നെടുക്കുന്ന ശുദ്ധജലം പരിസര പ്രദേശത്തെ വീടുകളില്‍ എത്തിക്കുന്നതാണ് മൈക്രോ കുടിവെള്ള പദ്ധതി. കിണറുകള്‍ ഇല്ലാത്തിടത്ത് കുഴല്‍ കിണറുകള്‍ നിര്‍മിച്ച് ടാങ്കില്‍ വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതികളും നഗരസഭ പ്രദേശത്ത് നിശ്ചലമാണ്. ശരാശരി ഒന്നര ലക്ഷം രൂപ വരെ ചെലവഴിച്ചാണ് കൂറ്റന്‍ മോട്ടോര്‍ പമ്പുകളും ടാങ്കുകളും സ്ഥാപിച്ചു മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയത്. 2003 മുതല്‍ സ്ഥാപിച്ചവയാണ് പദ്ധതികളില്‍ ഏറെയും. സമൃദ്ധമായി കുടവെള്ളം ലഭിക്കുന്ന കിണറുകളില്‍ സ്ഥാപിച്ച മോട്ടോര്‍ പമ്പുകളും പലയിടത്തും നിശ്ചലമാണ്. മുനിസിപ്പല്‍ പ്രദേശത്ത് പലയിടത്തും കുടിവെള്ളം ചോര്‍ത്തല്‍ തകൃതിയായി നടക്കുമ്പോഴും മൈക്രോ കുടിവെള്ള പദ്ധതികള്‍ പുരുദ്ധരിക്കാന്‍ നഗരസഭ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

RELATED STORIES

Share it
Top