കുടിവെള്ളം കിട്ടാനില്ലാത്തപ്പോള്‍ ശുദ്ധജല പൈപ്പ് പൊട്ടല്‍ പതിവാകുന്നു

പൊന്നാനി: പൊന്നാനിയില്‍ ശുദ്ധജല പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു. കുണ്ടുകടവ് ജംഗ്ഷനിലെ ശക്തി തിയ്യേറ്ററിനു മുന്നില്‍ പൈപ്പ് പൊട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടികളായില്ല. പൊന്നാനി കുണ്ടുകടവ്  ആല്‍ത്തറ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി കല്‍വര്‍ട്ടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനിടെ എക്‌സ്‌കവേറ്റര്‍ തട്ടിയാണു ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത്.
നാലു ദിവസം മുമ്പു പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും, പൊട്ടിയ പൈപ്പ് ശരിയാക്കാന്‍ അധികൃതര്‍ രംഗത്തെത്തിയില്ലെന്നാണു നാട്ടുകാരുടെ പരാതി. ഇതു മൂലം കുണ്ടുകടവ് ജംഗ്ഷന്‍, എരിക്കമണ്ണ, പുഴമ്പ്രം പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങളുടെ കുടിവെള്ളവും നിലച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് മുക്കട്ടക്കല്‍ പാലത്തിനു സമീപത്തും റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എക്‌സ്‌കവേറ്റര്‍ തട്ടി പൈപ്പ് പൊട്ടിയിരുന്നു. ദിവസങ്ങള്‍ക്കകം തന്നെ ഈ ഭാഗത്തെ പൊട്ടിയ പൈപ്പ് ശരിയാക്കി കുടിവെള്ള വിതരണം പുനസ്ഥാപിച്ചെങ്കിലും, ശക്തി തിയ്യേറ്ററിനു സമീപത്തെ പൈപ്പ് പൊട്ടിയത് ഇതു വരെ പുനസ്ഥാപിക്കാനായില്ല. പൊട്ടിയ പൈപ്പിലൂടെ ശുദ്ധജലം തൊട്ടടുത്ത കാനയിലേക്ക് ഒഴുകുകയാണ്.
പൈപ്പുകള്‍ അറ്റകുറ്റപണി നടത്തുന്ന കരാറുകാര്‍ക്ക് 12 മാസത്തെ കുടിശ്ശിക നല്‍കാനുള്ളതിനാല്‍ ഇവരും പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ മടിക്കുകയാണ്. കുടിവെള്ളം കിട്ടാതായതോടെ ശുദ്ധജലത്തിനായി കിലോമീറ്ററുകള്‍ താണ്ടുകയാണു പ്രദേശവാസികള്‍.

RELATED STORIES

Share it
Top