കുടിയേറ്റ വിരുദ്ധ സമീപനംലോകശ്രദ്ധ നേടി ടൈം മാഗസിന്‍ കവര്‍ ചിത്രം

ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരോട് അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ച മനുഷ്യത്വവിരുദ്ധ നടപടിയെ പരിഹസിച്ച് ടൈം മാസിക പുതിയ പതിപ്പിനു നല്‍കിയ മുഖച്ചിത്രം ലോകം മുഴുക്കെ ചര്‍ച്ചയാവുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റവിരുദ്ധ നടപടിയിലെ മനുഷ്യത്വരഹിത സമീപനം ലോകത്തിന്റെ മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഗെറ്റി ഇമേജസിന്റെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ പകര്‍ത്തിയ രണ്ടു വയസ്സുകാരിയുടെ ചിത്രമാണ് ടൈം മുഖച്ചിത്രമായി എടുത്തത്.
അമ്മയെ കാണാതെ വിങ്ങിക്കരയുന്ന രണ്ടു വയസ്സുകാരിയുടെ ചിത്രത്തോടൊപ്പം ഡോണള്‍ഡ് ട്രംപിന്റെ പടം വച്ച് അമേരിക്കയിലേക്ക് സ്വാഗതമെന്നു ട്രംപ് കുട്ടിയോട് പറയുന്ന രീതിയിലാണ് കവര്‍ പേജ്. ടൈം മാഗസിന്‍ കവര്‍ പേജ് പുറത്തിറക്കിയതു മുതല്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഈ ചിത്രത്തിന് വ്യാപക പ്രചാരണമാണ് ലഭിക്കുന്നത്.
മെക്‌സിക്കോ അതിര്‍ത്തി ഒളിച്ചുകടക്കുന്ന സമയത്ത് ഈ രണ്ടു വയസ്സുകാരിയുടെ അമ്മയെ അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസ് വാഹനങ്ങള്‍ക്കിടയില്‍ നിന്ന് ഓഫിസര്‍മാര്‍ക്കു മുമ്പില്‍ നിന്നു വിങ്ങിക്കരയുന്ന കുഞ്ഞിന്റെ ചിത്രം ജോണ്‍ മൂര്‍ ഒളിച്ചുനിന്നാണ് പകര്‍ത്തിയത്. ചിത്രം ഗെറ്റി ഇമേജസ് പുറത്തു വിട്ടതോടെ വിവിധ ലോക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.അമേരിക്കന്‍ ഭരണകൂടത്തിന്റെ മനംമാറ്റത്തിനും ഈ ചിത്രം കാരണമായി.

RELATED STORIES

Share it
Top