കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരേ അസഭ്യ പരാമര്‍ശവുമായി ട്രംപ്‌

വാഷിങ്ടണ്‍: കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരേ അസഭ്യ വര്‍ഷവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ടു യുഎസ് സെനറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ സഭ്യേതരമായ വാക്കുപയോഗിച്ചു ട്രംപ് വിശേഷിപ്പിച്ചത്.
എന്തിനാണ് ഇത്തരം “വൃത്തിഹീനമായ’ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാരെ നാം സ്വീകരിക്കുന്നതെന്നു ട്രംപ് ചോദിച്ചതായാണ് റിപോര്‍ട്ട്. ഇത്തരം പ്രയോഗങ്ങള്‍ ചര്‍ച്ചയ്ക്കിടെ ട്രംപ് പലതവണ പ്രയോഗിച്ചതായും ഹെയ്തി, എല്‍സാല്‍വഡോര്‍ തുടങ്ങിയ രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചതായും യോഗത്തില്‍ പങ്കെടുത്ത ചിലരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നമുക്ക് എന്തിനാണ് കൂടുതല്‍ ഹെയ്തിക്കാരെ. അവരെ പുറത്തു കളയണമെന്നും ട്രംപ് ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
പ്രകൃതിദുരന്തങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും കാരണം കെടുതി അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അഭയം നല്‍കണമെന്നു ചര്‍ച്ചയില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമ്പന്ന രാജ്യമായ നോര്‍വേ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ യുഎസ് സ്വീകരിക്കുമെന്നാണ് ട്രംപ് സെനറ്റര്‍മാരെ അറിയിച്ചത്.  ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത, വംശീയമായി ചിന്തിക്കുന്ന ഒരാളാണ് പ്രസിഡന്റ് ട്രംപ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നു സെനറ്റര്‍ ലൂയി ഗട്ടിയേറസ് പറഞ്ഞു.
വിദേശ പൗരന്‍മാര്‍ യുഎസിലേക്കു കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെനറ്റര്‍മാരുമായി ട്രംപ് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. യുഎസിലുള്ള വിദേശ പൗരന്‍മാര്‍ അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്കു കൊണ്ടുവരുന്നതിനും ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രംപ് നീക്കം നടത്തിയിരുന്നു. അതേസമയം, ട്രംപിന്റെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതും ലജ്ജാവഹവും വംശീയവുമാണെന്നു യുഎന്‍ വക്താവ് പ്രതികരിച്ചു.  എന്നാല്‍ വാര്‍ത്ത ട്രംപ് നിഷേധിച്ചു.

RELATED STORIES

Share it
Top