കുടകില്‍ വോട്ടെടുപ്പ് സമാധാനപരം; 75 ശതമാനം പോളിങ്

സാദിഖ് ഉളിയില്‍

മടിക്കേരി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാളി വോട്ടുകള്‍ നിര്‍ണായകമായ കുടക് ജില്ലയിലെ മടിക്കേരി, വീരാജ്‌പേട്ട നിയോജക മണ്ഡലങ്ങളില്‍ നടന്ന പോളിങ് സമാധാനപരം. ജില്ലയില്‍ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
മടിക്കേരി 77.5, വീരാജ്‌പേട്ട 72.5 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ് നില.
കഴിഞ്ഞ തവണ കുടക് ജില്ലയില്‍ 71.45 ശതമാനം വോട്ടാണു രേഖപ്പെടുത്തിയിരുന്നത്. ശക്തമായ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തില്ല. മടിക്കേരി മണ്ഡലത്തിലെ സോമവാര്‍പേട്ട, കുശാല്‍ നഗര്‍, സുണ്ടിക്കുപ്പ, മദാപൂര്‍ എന്നിവിടങ്ങളിലും തോട്ടം മേഖലയായ വീരാജ്‌പേട്ട മണ്ഡലത്തിലെ സിദ്ധാപൂര്‍, പോളിപേട്ട, ഗോണികുപ്പ, നെല്യാഹുദിക്കേരി, ശ്രീമംഗല എന്നിവിടങ്ങളിലും രാവിലെ മുതല്‍ പോളിങ് ബൂത്തിന് മുമ്പില്‍ വോട്ടര്‍മാരുടെ നീണ്ട നിര അനുഭവപ്പെട്ടു. പ്രശ്‌നസാധ്യതാ ബൂത്തുകളായ കാരികെ, ബാഗമണ്ഡല എന്നിവിടങ്ങളിലും അതിര്‍ത്തിപ്രദേശങ്ങളായ മാക്കൂട്ടം, കുട്ട എന്നിവിടങ്ങളിലെ ബൂത്തുകളിലും വനമേഖലയായ നാഗര്‍ഹോളെ, മജ്ജിഗെ ഹള്ള, തിത്തിമത്തി പ്രദേശങ്ങളിലെ ബൂത്തുകളിലും മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.
വീരാജ്‌പേട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരുണ്‍ മാച്ചയ്യ ഗോണിക്കുപ്പയ്ക്കടുത്ത കോണനകട്ടെ ബൂത്തിലും, ജെഡിഎസ് സാരഥി സങ്കേത് പൂവയ്യ വീരാജ്‌പേട്ട സെന്റ് ആന്‍സ്് ഹൈസ്‌കൂളിലും, ബിജെപി സ്ഥാനാര്‍ഥി കെ ജി ബൊപ്പയ്യ മടിക്കേരി സെന്റ് മൈക്കിള്‍ ഹൈസ്‌കൂളിലും, മടിക്കേരിയിലെ ബിജെപി സ്ഥാനാര്‍ഥി അപ്പാച്ചുരഞ്ചന്‍ സോമവാര്‍പേട്ടയിലെ ഐഗൂര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
കുടക് ജില്ലാ പോലിസ് സൂപ്രണ്ട് രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ ആറ് ഡിവൈഎസ്പിമാരും 12 സര്‍ക്കിള്‍ ഇന്‍സ്‌പെക്ട ര്‍മാരും നൂറുകണക്കിന് സിവില്‍ പോലിസ് ഓഫിസര്‍മാരും അര്‍ധസൈനിക വിഭാഗമായ നേപ്പാ ള്‍-ഭൂട്ടാന്‍ അതിര്‍ത്തി സേനാംഗങ്ങളും സുരക്ഷയൊരുക്കി. അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണത്തിനായി ചെക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇരു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ 15ന് മടിക്കേരി സെന്റ് ജോസഫ്‌സ് കോണ്‍വന്റില്‍ നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരു മണ്ഡലത്തിലും ബിജെപിയാണ് നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഇത്തവണ മടിക്കേരിയിലും വീരാജ്‌പേട്ടയിലും ശക്തമായ ത്രികോണ മല്‍സരമാണു നടന്നത്.

RELATED STORIES

Share it
Top