കുടകില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിരാജ്‌പേട്ട: മെയ് 12നു നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുടകില്‍ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പുര്‍ത്തിയായതായി മടിക്കേരി കലക്്ടറേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുടക് ജില്ലാ കലക്്ടകര്‍ പി ഐ ശ്രീവിദ്യ അറിയിച്ചു. ജില്ലയിലെ എല്ലാ വോട്ടര്‍മാരും നിര്‍ഭയമായി തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ തയ്യാറാവണമെന്നും കലക്്ടര്‍ അഭ്യര്‍ഥിച്ചു.
വോട്ടര്‍മാര്‍ തങ്ങള്‍ക്ക് നല്‍കിയ പേരും നമ്പറുമുള്ള സ്ലിപ്പ്് ഉപയോഗിച്ച് വോട്ട് ചെയ്യണം. വോട്ടര്‍മാരുടെ വിവരങ്ങളും വോട്ടിങ് കേന്ദ്രങ്ങളും ഫോണ്‍ നമ്പറുമുള്‍പ്പെടെയുള്ള വോട്ടര്‍ ഗൈഡുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്്്. മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇലക്ഷന്‍ ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ അറിയാം.
വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ മടിക്കേരി, വിരാജ്‌പേട്ട നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യും. മടിക്കേരി സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും വിരാജ്‌പേട്ട ജൂനിയര്‍ കോളജിലുമാണ് വിതരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ 84 കെഎസ്ആര്‍ടിസി ബസ്സുകളും 39 സ്വകാര്യ ബസ്സുകളും 33 മിനി ബസ്സുകളും 88 ജീപ്പു—കളും തിഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുപോവാനായി സജ്ജീകരിച്ചിട്ടുണ്ട്. മടിക്കേരി സെന്റ് ജോസഫ് കോണ്‍വെന്റില്‍ രണ്ട് മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ മെയ്.15ന് നടക്കും.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് 11ന് രാവിലെ 6 മുതല്‍ 15ന് രാത്രി 12 വരെ ജില്ലയില്‍ മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. 11 മുതല്‍ 28 വരെ ജില്ലയില്‍ നിരോധനാജ്ഞയും നിലനില്‍ക്കും. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക നിരക്ഷണ ചെക്ക് പോസ്റ്റുകള്‍ എര്‍പ്പെടുത്തും. ക്രമസമാധാനപാലനത്തിന് ആറ് ഡിവൈഎസ്പിമാരെയും 12 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട് .ജില്ലാ പോലിസ് സുപ്രണ്ട് രാജേന്ദ്രപ്രസാദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top