കുടകില്‍ പ്രചാരണത്തിന് ആവേശോജ്വല സമാപനം

ഇരിട്ടി: ശക്തമായ ത്രികോണ മല്‍സരത്തിന് വേദിയാവുന്ന കുടക് ജില്ലയില്‍ പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം റോഡ് ഷോ നടത്തി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ആവേശഭരിതരാക്കി. കൊടിതോരണങ്ങളും ബാനറുകളും ഫഌക്‌സ് ബോര്‍ഡുകളും വച്ചുള്ള പ്രചാരണത്തിന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ സമാപന ദിവസം കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും ജനതാദളിന്റെയും പ്രവര്‍ത്തകര്‍ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനങ്ങള്‍ സമാപന ദിവസം ആവേശം വാനോളം ഉയര്‍ത്തി. മടിക്കേരി, മൂര്‍നാട്, വീരാജ്‌പേട്ട, സിദ്ധാപൂര്‍, സോമവാര്‍പേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രകടനങ്ങള്‍ ഉണ്ടായത്. വീരാജ്‌പേട്ടയില്‍ കോണ്‍ഗ്രസിന്റെ കൊട്ടിക്കലാശത്തിന് കണ്ണൂര്‍ ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളും അണിനിരന്നു.
കുടക് ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളായ മടിക്കേരിയിലും വീരാജ്‌പേട്ടയിലും ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. വീരാജ്‌പേട്ടയില്‍ കോണ്‍ഗ്രസ്സിലെ അരുണ്‍ മാച്ചയ്യയും ബിജെപിയുടെ സിറ്റിങ് എംഎല്‍എ ജെ ജി ബൊപ്പയ്യയും ജെഡിഎസിലെ സങ്കേത് പൂവയ്യയും തമ്മിലാണ് മല്‍സരം. മടിക്കേരിയില്‍ സിറ്റിങ് എംഎല്‍എ, ബിജെപിയുടെ അപ്പാച്ചു രഞ്ജനും കോണ്‍ഗ്രസിന്റെ കെ പി ചന്ദ്രകലയും ജനതാദളിന്റെ ബി എ ജി വിജയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
ഇന്ന് നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജില്ലയിലെ നാലര ലക്ഷത്തോളം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് നീങ്ങും. 15നാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ സമാധാനപരമായി നടത്താന്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്.

RELATED STORIES

Share it
Top