കുഞ്ഞിപ്പ് മാഷിന് വേണേല്‍ ഒരു സ്‌കൂള്‍ തുടങ്ങാം; കുടുംബത്തിലുള്ളത് 10 അധ്യാപകര്‍

ജോസ് മാളിയേക്കല്‍

കുന്നംകുളം: കൂനംമൂച്ചിയിലെ പുലിക്കോട്ടില്‍ കുഞ്ഞിപ്പ് മാഷിന് വേണമെങ്കില്‍ ഒരു സ്‌കൂള്‍ ആരംഭിക്കാം. കാരണം അധ്യാപകരെ തേടി ഏവിടെയും പോവേണ്ടതില്ല. കൂനംമൂച്ചി പാറക്കുളം റോഡില്‍ താമസിക്കുന്ന കുഞ്ഞിപ്പ് മാഷുടെ വീട്ടിലെ അംഗങ്ങളെല്ലാം അധ്യാപനരംഗത്തുള്ളവരാണ്. 1956ല്‍ 21ാം കൊരട്ടി എംഎഎം ഹൈസ്‌കൂളില്‍ അധ്യാപകനായാണ് കുഞ്ഞിപ്പ് മാഷ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സഹധര്‍മിണിയായി ജീവിതത്തിലേക്ക് കടന്നുവന്ന ഫിലോമിനയും അധ്യാപന മേഖലയിലായിരുന്നു. 22ാം വയസ്സില്‍ മമ്മിയൂര്‍ എല്‍എഫ് സ്‌കൂളില്‍ നിന്ന് അധ്യാപനത്തിനു തുടക്കംകുറിച്ചു. പാവറട്ടിയിലെ സാഹിത്യ ദീപിക സംസ്‌കൃത കോളജില്‍ നിന്ന് വിദ്വാന്‍ കോഴ്‌സ് പാസായാണ് കുഞ്ഞിപ്പ് മാഷും ഫിലോമിന ടീച്ചറും അധ്യാപനത്തിന്റെ മേഖലയിലേക്ക് കടന്നുവന്നത്. ഇവരുടെ മക്കളായ റീന, ഫിലിപ്, സ്‌റ്റെല്ല, ദിലീപ് എന്നിവരും മരുമക്കളായ ജോയ്, ജെനി, ജോസ് വി വെള്ളറ, സുമി എന്നിവരും അധ്യാപന മേഖലയിലാണ് സേവനമനുഷ്ഠിക്കുന്നത്. അധ്യാപികയായിട്ടും തന്റെ മാതാവിനെ ജോലിക്ക് വിടാതിരുന്ന മുത്തച്ഛന്റെ നടപടിയോടുള്ള പ്രതിഷേധമെന്ന നിലയിലാണ് അധ്യാപകനാവാന്‍ തീരുമാനിച്ചതെന്ന് കുഞ്ഞിപ്പ് മാസ്റ്റര്‍ പറഞ്ഞു. ഒരേ മേഖലയില്‍ തൊഴിലെടുക്കുമ്പോള്‍ ഈഗോ ഉണ്ടാവില്ലെന്നും അതാണ് ഒരു അധ്യാപകനെ വിവാഹം കഴിക്കുന്നതിലേക്ക് നയിച്ചതെന്നും ഫിലോമിന ടീച്ചറും വ്യക്തമാക്കി.നൂറുകണക്കിന് ശിഷ്യ സമ്പത്തുള്ളവരാണ് ഈ അധ്യാപക ദമ്പതികള്‍.

RELATED STORIES

Share it
Top