കുഞ്ഞിനെ നിലത്തെറിഞ്ഞ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട: ആദിവാസി യുവാവ് ഒന്നര വയസ്സുള്ള മകനെ നിലത്തെറിഞ്ഞു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. റാന്നി വനം ഡിവിഷനിലെ ഗ്രൂഡ്രിക്കല്‍ റേഞ്ചില്‍ വരുന്ന മൂഴിയാറിലാണു സംഭവം. മൂഴിയാര്‍ പവര്‍ ഹൗസിന് സമീപം ലുക്ക് ഔട്ട് പോയിന്റില്‍ താമസിക്കുന്ന വിനോദി(28)ന്റെയും സുധയുടെയും മകന്‍ സുനിലിനാണ് പരിക്കേറ്റത്. പിതാവ് വിനോദ് കുട്ടിയെ നിലത്തെറിഞ്ഞുവെന്നു പറയുന്നു.സംഭവത്തിനു ശേഷം ഇതുവഴി കടന്നുപോയ കെഎസ്ഇബി വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടിയെ പരിക്കേറ്റ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് എസ്ടി പ്രമോട്ടറായ സി ജി ഗിരീഷ്‌കുമാറിന്  കൈമാറിയത്.
സിടി സ്‌കാനില്‍ കുട്ടിയുടെ തലയോട്ടിക്കും വലതുകൈക്കും ചെറിയ പൊട്ടലുള്ളതായി കണ്ടെത്തി. പ്രാഥമിക ചികില്‍സ നല്‍കി കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്ന് ആശുപത്രിയിലെ എസ്ടി പ്രമോട്ടര്‍ വി ആര്‍ അനിത പറഞ്ഞു. കുട്ടിയുടെ ഉള്ളില്‍ എലിവിഷം ചെന്നിരുന്നതായി കണ്ടെത്തി. അപകടനില തരണംചെയ്തതായി എസ്ടി പ്രമോട്ടര്‍ ഗിരീഷ് പറഞ്ഞു.
മൂഴിയാര്‍ പോലിസ് പിതാവ് വിനോദിനെ കസ്റ്റഡിയിലെടുത്തു. വിനോദ് എലിവിഷം കഴിച്ചതായി സംശയം കാരണം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സനല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പറയുന്നു. സംഭവത്തിന് ശേഷം കുട്ടിയുടെ മാതാവ് സുധ ഉള്‍വനത്തിലേക്കു പോയതായാണ് അറിയുന്നത്. ചികില്‍സയില്‍ കഴിയുന്ന കുട്ടിക്കൊപ്പം കോട്ടയത്തു നിന്നുള്ള എസ്ടി പ്രമോട്ടറാണുള്ളത്. സുഹൃത്തിന്റെ ഭാര്യയായിരുന്ന സുധ അഞ്ച് വര്‍ഷം മുമ്പാണ് വിനോദിന്റെ ജീവിതപങ്കാളിയായത്. ഇരുവരുടെയും അഞ്ചാമത്തെ കുട്ടിയാണ് സുനില്‍.
ആദ്യത്തെയും രണ്ടാമത്തെയും പ്രസവത്തിലെ ഇരട്ടക്കുട്ടികള്‍ രോഗം വന്നും പാമ്പുകടിയേറ്റും മരിച്ചതായി പറയുന്നു. ഈ കുട്ടികളും വിനോദിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് പല തവണ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സതേടിയിരുന്നതായി പ്രമോട്ടര്‍ അനിത പറഞ്ഞു. മരണവിവരം പുറംലോകത്തെ അറിയിക്കാതെ കുഞ്ഞുങ്ങളുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റുള്ളവരില്‍ നിന്നും അകന്നാണ് ഇവര്‍ ജീവിച്ചത്. കുറച്ചുനാള്‍ ഗവിയിലും താമസിച്ചിരുന്നു.

RELATED STORIES

Share it
Top