കുഞ്ഞാലിക്കുട്ടിയുടെ സത്യവാങ്മൂലത്തില്‍വ്യാജ വിവരങ്ങള്‍

മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യാജ വിവരങ്ങള്‍. കേസുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനുള്ള കോളത്തില്‍ സ്വന്തം കേസിന്റെ വിവരങ്ങള്‍ക്കു പകരം ചാക്ക് രാധാകൃഷ്ണന്റെ കേസിന്റെ നമ്പറാണ് കുഞ്ഞാലിക്കുട്ടി രേഖപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഷാജിക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള കേസിന്റെ യഥാര്‍ഥ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതോടെയാണ് സത്യവാങ്മൂലത്തില്‍ കേസിനെ സംബന്ധിച്ച വ്യാജ വിവരങ്ങളാണ് നല്‍കിയതെന്ന് തെളിഞ്ഞത്. ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്, സന്തോഷ് മാധവന്‍ എന്നിവര്‍ക്കൊപ്പം പി കെ കുഞ്ഞാലിക്കുട്ടിക്കും എതിരില്‍ അഴിമതി ആരോപിച്ച് ഗിരീഷ് ബാബു എന്നയാള്‍ മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കേസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കു പകരം ഇതേ കോടതിയില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെതിരേയുള്ള കേസിന്റെ നമ്പറാണ് കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പ് പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതെന്ന് ഷാജിയുടെ അഭിഭാഷകന്‍ ഷംസുദ്ദീന്‍ തേജസിനോടു പറഞ്ഞു.

RELATED STORIES

Share it
Top