കുഞ്ഞാണി മുസ്‌ല്യാര്‍ വിനയാന്വിതനായ പണ്ഡിതശ്രേഷ്ഠന്‍

പെരിന്തല്‍മണ്ണ: നിറഞ്ഞ പാണ്ഡിത്യം, അപാരമായ ബുദ്ധിശക്തി, വിനയാന്വിതമായ പെരുമാറ്റം, ജീവിതത്തില്‍ പുലര്‍ത്തുന്ന അതീവ സൂക്ഷ്മത, വലിയ സമ്പത്തിനുടമയാണെങ്കിലും ലളിതമായ ജീവിതം. വിജ്ഞാനപ്രചരണം ഒരു തപസ്യയാക്കി മാറ്റിയ ജീവിതം. പുത്തനഴി കുഞ്ഞാണി മുസ്‌ല്യാരെ നമുക്ക് ഇങ്ങനെ ഒരു പരിചയപ്പെടുത്തലില്‍ ഒതുക്കാന്‍ കഴിയില്ല. അതിനേക്കാള്‍ വിശാലമാണ് ആ വ്യക്തിത്വം. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് 49 വര്‍ഷം മുമ്പ് തുടങ്ങിയ അധ്യാപക ജീവിതം.
71ാം വയസ്സിലും കുഞ്ഞാണി മുസ്‌ല്യാര്‍ കര്‍മനിരതനായിരുന്നു. പാണ്ഡിത്യത്തിന്റെ പ്രൗഡിയോ ജാടകളോ ഇല്ലാതെ ശാന്തനായി നടന്നുനീങ്ങുന്ന ഈ പണ്ഡിതവര്യന്‍ നാലര പതിറ്റാണ്ടായി കരുവാരക്കുണ്ടിനടുത്ത പുത്തനഴി പ്രദേശത്തുകാരുടെ ഖാളിയും മുദരിസ്സുമെല്ലാമാണ്. ഗുരുകുല വിദ്യാഭ്യാസത്തെകുറിച്ച് കേട്ടറിവ് മാത്രമേയുള്ളു നമുക്ക്. എന്നാല്‍, കുഞ്ഞാണി മുസ്‌ല്യാര്‍ അതിന്റെ പ്രയോക്താവാണ്. ഒഴിവുദിവസങ്ങളില്‍ തന്റെ വീട്ടില്‍വച്ച് ദര്‍സ് നടത്തുന്നു എന്നത് കേവലം ഭംഗിവാക്കല്ല. കുഞ്ഞാണി മുസ്‌ല്യാര്‍ വീട്ടിലുണ്ടാവുന്ന വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത് കൂടുതലും നടക്കുക. വിവിധ ദിക്കുകളില്‍ മുദരിസുമാരായി ജോലി ചെയ്യുന്നവരായിരിക്കും വിദ്യാര്‍ഥികളില്‍ അധികവും. ആഴ്ചകളില്‍ ലഭിക്കുന്ന ഒഴിവു ദിവസങ്ങള്‍ ഇവിടെ ചെലവഴിച്ച് ആവോളം വിദ്യ നുകര്‍ന്ന് തിരിച്ചുപോവുന്നവര്‍ എത്രയോ ഉണ്ടായിരുന്നു. ഭക്ഷണവും താമസവും എല്ലാം ഈ പണ്ഡിതവര്യന്റെ വകയാണ്.
പൊതുവെ പണ്ഡിതന്മാരില്‍ പലര്‍ക്കും പ്രയാസകരമായി അനുഭവപ്പെടുന്ന “മഅ്ഖൂലാത്ത്” വിഷയങ്ങളിലാണ് കുഞ്ഞാണി മുസ്‌ല്യാര്‍ക്ക് കൂടുതലും താല്‍പര്യം എന്നത് പഴയകാല ആലിമുകള്‍ ഈ വിജ്ഞാവശാഖയോടു കാണിച്ചിരുന്ന താല്‍പര്യം നമുക്ക് ബോധ്യപ്പെടുത്തിത്തരും. പൊന്നാനിയായിരുന്നു ഏറെകാലം കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രം. വള്ളുവനാട് ഭാഗത്തേക്ക് ഖാളിമാരായി വന്നവരുടെ തലമുറയാണ് കുഞ്ഞാണി മുസ്‌ല്യാരുടെ പൊറ്റയില്‍ തറവാട്.
പൊന്നാനി മഖ്ദും കുടുംബത്തിലേക്കാണ് ഇവരുടെയെല്ലാം വേരുകള്‍ വന്നുചേരുന്നത്. കുഞ്ഞാണി മുസ്‌ല്യാരുടെ പിതാമഹന്‍മാരെല്ലാം പ്രസിദ്ധരായ പണ്ഡിതന്‍മാരായിരുന്നു. എട്ടാമത്തെ വയസ്സില്‍ പുലാമന്തോള്‍ സ്വദേശി മയമുണ്ണി മുസ്‌ല്യാരുടെ ദര്‍സില്‍ ചേര്‍ന്നുകൊണ്ടാണ് ദര്‍സ് പഠനത്തിന് തുടക്കമിടുന്നത്. പിന്നെ വള്ളിക്കാപ്പറ്റ കോയണ്ണി മുസ്‌ല്യാരുടെ കീഴില്‍ എടപ്പറ്റ, ഏപീക്കാട് എന്നീ സ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തോളം ഓതി താമസിച്ച ശേഷമാണ് അരിപ്ര സി കെ മൊയ്തീന്‍ ഹാജിയുടെ ദര്‍സിലെത്തുന്നത്. അടുത്തവര്‍ഷം തലശ്ശേരിക്കടുത്ത പുല്ലൂക്കര ദര്‍സില്‍ ചേര്‍ന്നെങ്കിലും ഒരു പ്രത്യേകതരം പനി പടര്‍ന്നുപിടിച്ചത് കാരണം അവിടെ കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല.
പിന്നെ ഏതാനും മാസങ്ങള്‍ തുവ്വൂരിലെ കുഞ്ഞി മുസ്‌ല്യാരുടെ ദര്‍സില്‍ പഠിച്ചു. കെ സി ജമാലുദ്ദീന്‍ മുസ്‌ല്യാരുടെ കൂടെയായിരുന്നു അടുത്തത്. കരുവാരക്കുണ്ടിലും പയ്യനാട്ടുമായി ഓരോ വര്‍ഷങ്ങള്‍. പിറ്റെ വര്‍ഷം പ്രമുഖപണ്ഡിതന്‍ ഒ കെ ഉസ്താദിന്റെ ചാലിയത്തെ ദര്‍സില്‍ ഒരു വര്‍ഷം. വീണ്ടും കെ സി ജമാലുദ്ദീന്‍ മുസ്‌ല്യാരുടെകൂടെ കരുവാരകുണ്ട് ദര്‍സിലേക്ക്. അടുത്തവര്‍ഷം ബാഖിയാത്തില്‍ പോവാനായിരുന്നു പരിപാടിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ബല്യമോ മറ്റോ കാരണം ബാഖിയത്ത് അടച്ചിട്ടതിനാല്‍ ആ ലക്ഷ്യം സഫലമാവാതെ പോവുകയും കെ സി ഉസ്താദ് ഹജ്ജിന് പോവുകയും ചെയ്തതിനാല്‍ അല്‍പകാലം ഉസ്താദ് കുട്ടി മുസ്‌ല്യാര്‍ ഫഌഫരിയുടെ പൊടിയാട്ടെ ദര്‍സില്‍ ചേര്‍ന്നു. ഹജ്ജിനുശേഷം വീണ്ടും കെ സി ഉസ്താദിന്റെ കൂടെതന്നെ ചേര്‍ന്നു. അടുത്ത വര്‍ഷം ബാഖിയാത്തില്‍ പോയി. രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം 1965ല്‍ ബാഖിയാത്തില്‍ നിന്നു പിരിയുകയും ചെയ്തു.

RELATED STORIES

Share it
Top