കുംഭമേള: തുകല്‍ ഉല്‍പന്ന നിര്‍മാണ ശാലകള്‍ അടച്ചിടാന്‍ ഉത്തരവ്

കാണ്‍പൂര്‍: കുംഭമേളയോടനുബന്ധിച്ച് സംസ്ഥാനത്തെ തുകല്‍ ഉല്‍പന്ന നിര്‍മാണശാലകള്‍ അടച്ചിടാനുള്ള ഉത്തരവ് സംസ്ഥാനത്തെ നിരവധി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. ഡിസംബര്‍ 15 മുതല്‍ മൂന്നു മാസത്തേക്ക് തുകല്‍ ശാലകള്‍ അടച്ചിടാനാണ് യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്. ഇതു കാരണം മറ്റു ജോലികള്‍ അന്വേഷിക്കേണ്ട അവസ്ഥയിലാണെന്ന് തുകല്‍ ഫാക്ടറി തൊഴിലാളികള്‍ പറയുന്നു.
മൂന്നു മാസം അടച്ചിടുന്നതു കാരണമുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അമിത സമയം ജോലി ചെയ്യേണ്ടിവരുന്നതായും അവര്‍ പറഞ്ഞു. ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ യുപിയിലെ അലഹബാദിലാണ് കുംഭമേള നടക്കുന്നത്.
ഈ കാലയളവില്‍ ഗംഗാ നദി മലിനീകരണം കുറയ്ക്കുന്നതിനായാണ് തുകല്‍ ഫാക്ടറികള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതെന്ന് യുപി സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
കാണ്‍പൂര്‍ നഗരത്തിലെ തുകല്‍ വ്യവസായ ക്ലസ്റ്ററിലേത് അടക്കം നിരവധി ചെറുകിട തുകല്‍ ഉല്‍പന്ന യൂനിറ്റുകളെ ബാധിക്കുന്നതാണ് ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്.
ഇതാദ്യമായാണ് വലിയൊരു കാലയളവിലേക്ക് തുകല്‍ ഫാക്ടറികളും വ്യവസായ യൂനിറ്റുകളും അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടുന്നത്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ സംസ്ഥാനത്തെ വിവിധ തുകല്‍ വ്യവസായ കേന്ദ്രങ്ങളിലും ചെറുകിട യൂനിറ്റുകളിലുമായി തൊഴിലെടുക്കുന്നുണ്ട്.

RELATED STORIES

Share it
Top